
കഴിഞ്ഞ കുറച്ചു നാളുകളിലായി ഇന്ത്യയ്ക്ക് അകത്തും പുറത്തുമെല്ലാം വന്യമൃഗങ്ങള്‍ ജനവാസമേഖലയിലേക്ക് എത്തുന്നത് പതിവാക്കിയിരിക്കുകയാണ്. എന്നാല്‍ ചില ഇടങ്ങളില്‍ ഇത് സര്‍വ്വസാധാരണമാണ്. പ്രത്യേകിച്ചും കാടിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ വീടുകളിലോ പറമ്പുകളിലോ ഒക്കെ ഇവയുടെ സാന്നിധ്യം കാണാന്‍ സാധിക്കും. എന്നാല്‍ അധികമാരും നേരിട്ട് കണ്ടിട്ടില്ലാത്ത മൃഗങ്ങള്‍ വീട്ടിലേക്ക് വന്നെത്തുന്നത് അല്പം കൗതുകം ഉണര്‍ത്തുന്ന കാഴ്ചതന്നെയാണ്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ഇത് മനുഷ്യര്‍ക്ക് ഭീഷണിയുമാണ്.
ഇത്തരത്തിലൊരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സ്കോട്ട്ലാന്‍ഡ് തലസ്ഥാനമായ എഡിന്‍ബര്‍ഗ് നഗരത്തിലെ ഒരു വീട്ടില്‍ ഇതുപോലെ വീട്ടുകാരറിയാതെ കയറിപ്പറ്റിയൊരു അതിഥിയെ കുറിച്ചുള്ള വാര്‍ത്തയാണ് മൃഗസ്നേഹികള്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടുന്നത്. ഒരു കുറുക്കന് കുഞ്ഞാണ് ആരുമറിയാതെ ഒരു വീട്ടിനകത്ത് കയറിപ്പറ്റി ആദ്യം വീട്ടുകാരെ പേടിപ്പിക്കുകയും പിന്നീട് ഏവര്‍ക്കും കൗതുകമാവുകയും ചെയ്തിരിക്കുന്നത്. നാല് ദിവസം മുമ്പ് വൈകീട്ടോടെ വീട്ടുകാരിലൊരാള്‍ ബാത്ത്റൂം തുറന്നപ്പോള്‍ ബാത്ത്‍ടബ്ബിനകത്ത് എന്തോ കാണുകയായിരുന്നു. ജീവനുള്ള എന്തോ ആണെന്ന് മനസിലായെങ്കിലും കണ്ട് പരിചയമുള്ള ജീവി അല്ല എന്നതിനാല്‍ തന്നെ വീട്ടുകാര്‍ ആദ്യം ഭയപ്പെട്ടുപ്പോയി.
ഉടന്‍ തന്നെ വീട്ടുകാര്‍ മൃഗങ്ങളെ ഇത്തരത്തില്‍ വീടുകളില്‍ നിന്നോ കെട്ടിടങ്ങളില്‍ നിന്നോ മനുഷ്യവാസപ്രദേശങ്ങളില്‍ നിന്നോ പിടിച്ചെടുത്ത് കാട്ടില്‍ വിടുന്നതിനായി പ്രത്യേകമായുള്ള സംഘടനയുമായി ബന്ധപ്പെട്ടു. അവരുടെ ആളുകള്‍ വൈകാതെ തന്നെ വീട്ടിലെത്തി. ഇതിന് ശേഷമാണ് സംഭവം ഒരു കുറുക്കന് കുഞ്ഞ് ആണെന്ന് വ്യക്തമായത്. എങ്ങനെയാണിത് വീട്ടിനകത്ത് കയറിപ്പറ്റിയത് എന്നത് വ്യക്തമല്ല. വീട്ടുകാര്‍ പറയുന്നത്, അവരുടെ കണ്ണ് വെട്ടിച്ച് മുന്‍വാതിലിലൂടെ തന്നെ കയറിയതാകാം എന്നാണ്. പിന്നീട് ഇതിനെ പിടികൂടി അടുത്തുള്ള കാട്ടിലേക്ക് പറഞ്ഞുവിട്ടു. എന്തായാലും വിളിക്കാതെ വന്ന അതിഥിയുടെ ഫോട്ടോ ഇപ്പോള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കാണാന്‍ നല്ല 'ക്യൂട്ട്' ആണെന്നാണ് കണ്ടവരെല്ലാം പറയുന്നത്.






