
ഇടുക്കിയിൽ ഈ മാസം 19ന് കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചു. ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വൈകുന്നതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് ഹർത്താൽ . ചെറുതോണിയിൽ ചേർന്ന ഡി.സി.സി നേതൃയോഗം 16 ന് ദേവികുളം ആർ ഡി ഒ ഓഫീസിലേക്ക് മാർച്ചും നടത്തുന്നതിനും
തീരുമാനിച്ചു.
1964, 1993 ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുക, പട്ടയം വിതരണം പുനരാരംഭിക്കുക, നിർമ്മാണ നിരോധനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കോണ്ഗ്രസ് ഉന്നയിക്കുന്നത്. ഇടുക്കിയിലെ കർഷകരെ കഴിഞ്ഞ ഏഴ് വർഷമായി നിരന്തരം കബളിപ്പിച്ചു കൊണ്ടിരിക്കുന്ന ഇടതു സർക്കാർ മൂന്നാർ മേഖലയുടെ പേര് പറഞ്ഞ് 13 പഞ്ചായത്തുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണെന്ന് നേതാക്കൾ പറയുന്നു.
സർക്കാർ ഡിജിറ്റൽ സർവേയിലൂടെ കർഷകെന്റ കൈവശമിരിക്കുന്ന പട്ടയമില്ലാത്ത ഭൂമി ഏറ്റെടുക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നത്. പുരാവസ്തു സർവേയുമായി സർക്കാർ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. ജില്ലയിലെ പട്ടയ നടപടികൾ പൂർണമായി തടസ്സപ്പെട്ട അവസ്ഥയിലാണ്. 2019 ഡിസംബർ 17നു മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷി യോഗത്തിലെ തീരുമാനപ്രകാരം ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുവാനുള്ള ഒരു നീക്കവും ഇതുവരേയും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിക്കു പലവട്ടം നിവേദനം നൽകി എൽ.ഡി.എഫ് ജില്ലാ നേതൃത്വം ജനങ്ങളെ വിഡ്ഡികളാക്കിക്കൊണ്ടിരിക്കുകയാണെന്നും നേതാക്കൾ പറഞ്ഞു. യോഗം ഡി.സി.സി പ്രസിഡൻ്റ് സി.പി മാത്യുവിെന്റ അദ്ധ്യക്ഷതയിലാണ് ചേർന്നത്.






