
രാജ്യത്ത് തക്കാളിയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ, തക്കാളി മോഷണവും വര്‍ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ കർഷകൻ മോഷണം ഭയന്ന് തന്റെ വയലിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നു എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഉയർന്ന വിലയുള്ള സാഹചര്യത്തിലാണ് ഫാമിൽ ക്യാമറ സ്ഥാപിക്കാൻ തീരുമാനിച്ചത്. ഏകദേശം 160 രൂപയാണ് മഹാരാഷ്ട്രയിൽ തക്കാളിയുടെ വില . 22,000 രൂപ ചെലവഴിച്ചാണ് കർഷകൻ തന്റെ വയലിൽ ക്യാമറകൾ സ്ഥാപിച്ചത്. ഇത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കർഷകനായ ശരദ് റാവട്ടെ പറഞ്ഞു.
തക്കാളിയുടെ വില വര്‍ധിച്ച സാഹചര്യത്തില്‍ തക്കാളി മോഷണം പോയ നിരവധി സംഭവങ്ങൾ റിപ്പോർട് ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച കർണാടകയിലെ കോലാറിൽ നിന്ന് രാജസ്ഥാനിലെ ജയ്പൂരിലേക്ക് 21 ലക്ഷം രൂപ വിലമതിക്കുന്ന തക്കാളി കടത്തുകയായിരുന്ന ട്രക്ക് കാണാതായതായി കർണാടക പോലീസ് അറിയിച്ചു.ജാർഖണ്ഡിലെ പച്ചക്കറി മാർക്കറ്റിലെ കടകളിൽ നിന്ന് 40 കിലോയോളം തക്കാളി മോഷണം പോയി.






