
കൊച്ചി: കൊച്ചി കലാഭവനില്‍ മിമിക്രി കളിച്ചു വേദികളെ പൊട്ടിച്ചിരിപ്പിച്ചു നടന്ന കാലം. അതാണ് സിദ്ദീഖിന്റെ സിനിമയിലേക്കുള്ള വഴിതെളിച്ചത്. നിരവധി വര്‍ഷങ്ങള്‍ കലാഭവനില്‍ തുടരുമ്പോഴും മനസില്‍ സിനിമയെന്ന മോഹം മാത്രമായിരുന്നു സിദ്ദീഖിനെ മുന്നോട്ടു നയിച്ചിരുന്നത്.
ഇതിനിടെ സിനിമകളുടെ കഥകളുണ്ടാക്കി. തിരക്കഥകളെഴുതി. പക്ഷേ, ഒന്നും വെള്ളിത്തിരയിലേക്ക് എത്തിയില്ല. അങ്ങനെയിരിക്കെയാണ് ഫാസിലിന്റെ 'മറക്കില്ലൊരിക്കലും' എന്ന സിനിമയില്‍ അഭിനയിച്ച പരിചയം വച്ച് കലാഭവന്‍ അന്‍സാര്‍, സിദ്ദീഖിനെയും ലാലിനെയും ഫാസിലിനെ പരിചയപ്പെടുത്തിയത്. അത് ജീവിതം മാറ്റിമറിച്ചു.
ഒന്നു രണ്ടു കഥകളുമായിമായിട്ടാണ് ഫാസിലിനെ കാണാന്‍ ആലപ്പുഴയ്ക്ക് പോയത്. അക്കാര്യം സിദ്ദീഖ് പറയുന്നത് തന്നെ രസകരമായിട്ടാണ്. ഞങ്ങള്‍ ചെല്ലുമ്പോള്‍ അവിടെ ഒരുപറ്റം പേര് അദ്ദേഹത്തെ കാണാനിരിക്കുന്നുണ്ടായിരുന്നു. പലരും പല ഉന്നതരുടെ ശിപാര്‍ശകളുമായി എത്തിയവരാണ്. അവരെ കേള്‍ക്കുകയും സംസാരിക്കുകയും ചെയ്യുന്നതുമൊക്കെ ഞങ്ങള്‍ക്കും കേള്‍ക്കാമായിരുന്നു.
അവര്‍ പിരിഞ്ഞതിനുശേഷം ശിപാര്‍ശക്കാരെ വിമര്‍ശിച്ചുകൊണ്ട് ഫാസില്‍ ലാന്‍ഡ് ഫോണില്‍ മറ്റുള്ളവരോട് പറയുന്നതു കേള്‍ക്കാമായിരുന്നു. അതോടെ ഞങ്ങളുടെ മൂഡ് പോയി. അസിസ്റ്റന്റ് ഡയറക്ടര്‍ ആക്കാമോ എന്നു ചോദിക്കാന്‍ ഇനി വയ്യ. കാണാതെപോന്നാലെ എന്നായി ആലോചന. ഒടുവില്‍, വന്നതല്ലേ കണ്ടിട്ടുപോകാം എന്നായി. പ്രതീക്ഷയൊന്നും പുലര്‍ത്താതെ തന്നെ സംസാരിച്ചു.
കഥകള്‍ പറഞ്ഞു, തിരക്കഥാ രചനയിലും കമ്പമുണ്ടെന്ന് പറഞ്ഞു. അദ്ദേഹം കേട്ടു. എന്നിട്ടു പറഞ്ഞു. നിങ്ങള്‍ക്ക് സിനിമാക്കാരനാകാനുള്ള യോഗ്യതകളുണ്ട്. കഥയൊക്കെ എനിക്കിഷ്ടവുമായി. പക്ഷേ, എനിക്കു പറ്റുന്ന കഥയല്ല അത്. പക്ഷേ, നിങ്ങള്‍ക്ക് കഥയുണ്ടാക്കാന്‍ അറിയാം. നിങ്ങളുടെ ചിന്തകള്‍ പുതിയതാണ്.
ഒരു കാര്യം ചെയ്യൂ. നിങ്ങള്‍ സിനിമയെക്കുറിച്ച് കൂടുതല്‍ പഠിക്കണം. അറിവുനേടണം.- ഇത്രയും പറഞ്ഞ് നിര്‍ത്തി. ഇനി നിന്നിട്ട് കാര്യമില്ലെന്നു തോന്നിയ നിമിഷം. അപ്പോഴാണ് ഫാസില്‍ പറഞ്ഞത്. അതുകൊണ്ട് എന്റെ കൂടെ നിന്നോ. അസിസ്റ്റന്റ് ഡയറക്ടര്‍ ആയിട്ട്. അതായിരുന്നു ആദ്യത്തെ സിനിമാ ബ്രേക്ക്.
ഹിറ്റുകള്‍ പിറന്ന മയൂരപാര്ക്ക് ഹോട്ടലിന്റെ 105 ാം നമ്പര്‍ മുറി
എറണാകുളം കച്ചേരിപ്പടിയിലെ മയൂരപാര്ക്ക് ഹോട്ടലിന്റെ 105-ാം നമ്പര്‍ മുറിയായിരുന്നു സിദ്ദീഖിന്റേയും ലാലിന്റേയും കഥാപാത്രങ്ങള്‍ ജന്മം കൊള്ളുന്ന ഇടം. പ്രിയങ്കരമായ ആ മുറിയില്‍ ആദ്യം പിറന്ന ''റാംജിറാവ്'' നേടിക്കൊടുത്തത് മലയാള സിനിമയിലെ പൂമുഖത്ത് ഇരുവര്‍ക്കും സ്വന്തമായ ഇരിപ്പിടമാണ്.
പുല്ലേപ്പടിയിലെ വീടിനടുത്തുള്ള സുഹൃത്തിന്റെ ഈ ഹോട്ടല്‍ മുറിയില്‍ കഥാചര്‍ച്ച പുരോഗമിക്കുമ്പോള്‍ നാട്ടിലെ പരിചയക്കാരും ബന്ധുക്കളുമായിരിക്കും പലപ്പോഴും കഥാപാത്രങ്ങളായി മാറുക. ''വിയറ്റ്നാം കോളനി''യിലെ റാവുത്തറെപ്പോലെ... ''ഫ്രണ്ട്സി''ലെ ശ്രീനിവാസന് കഥാപാത്രത്തെപ്പോലെ.
രസകരമായ സംഭാഷണങ്ങളിലൂടെ കഥയുടെ വണ്‍ലൈന്‍ പൂര്‍ത്തിയായാല്‍ ആദ്യം വിളിക്കുക ഗുരുനാഥനായ ഫാസിലിനെ. 105-ാം നമ്പര്‍ മുറിയില്‍ ഹിറ്റുകള്‍ പിറക്കുന്നത് സിദ്ദീഖിന്റെ കൈപ്പടയിലാണ്.
എഴുതി പൂര്‍ത്തിയാകുന്ന വേളകളില്‍ അരികിലുണ്ടാവുക പ്രൊഡക്ഷന്‍ കണ്ട്രോളര് ലത്തീഫ്, ആലപ്പുഴക്കാരന് അസോസിയേറ്റ് ഡയറക്ടര്‍ പോള്‍സണ്‍, നിര്‍മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന് തുടങ്ങിയവരായിരിക്കും.
മയൂര പാര്‍ക്കില്‍ സിദ്ദീഖ്-ലാല്‍മാര്‍ ഇല്ലാത്ത വേളകളില്‍ ഈ മുറി എഴുത്തിന് കളമാക്കാന്‍ വരുന്ന സിനിമാഭാഗ്യാന്വേഷികളും അക്കാലത്തുണ്ടായിരുന്നു. സംവിധായക ജോഡികള്‍ സ്ഥലത്തുണ്ടെങ്കില്‍ ആ മുറി മറ്റാര്‍ക്കും കിട്ടില്ല. ഗൗരവഭാവത്തില്‍ തമാശ പറയുന്ന ലാലും ചിരിച്ച് ആസ്വദിച്ച് ഫലിതം പറയുന്ന സിദ്ദീഖും രണ്ടുധ്രുവങ്ങളിലായിരുന്നു എന്നും.
''കാബൂളിവാല''ക്കുശേഷം പിരിഞ്ഞപ്പോള്‍ സിനിമാ വാരികകള്‍ അറിയാക്കഥകള്‍ തേടി അലഞ്ഞെങ്കിലും ഇരുവരും കാര്യമായി മനസുതുറന്നില്ല. നിര്‍മാതാവിന്റെ റോളില്‍ ലാലും, സംവിധായകനും എഴുത്തുകാരനുമായി സിദ്ദീഖും പല സിനിമകളിലും വീണ്ടും ഒന്നിച്ചും സൗഹൃദത്തിന്റെ കണ്ണികള്‍ പൊട്ടിപ്പോയിട്ടില്ലെന്ന് ആ കൂട്ടുകാര്‍ അവസാനംവരെ പ്രേക്ഷകര്‍ക്ക് കാണിച്ചുകൊടുത്തു.






