
ഡുസെല്‍ഡോര്‍ഫ്: രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബ് കണ്ടെത്തിയതിനെ തുടര്‍ന്ന് ജര്‍മ്മന്‍ അധികൃതര്‍ ഒഴിപ്പിച്ചത് 13,000 പേരെ. ജര്‍മ്മനിയിലെ ഡുസള്ഡഫ് നഗരാധികൃതരാണ് താല്‍ക്കാലികമായി വീടു വിട്ടു പോകാന്‍ നഗരവാസികളോട് ആവശ്യപ്പെട്ടിരിക്കുന്നത്
ബോംബ് നിര്‍വീര്യമാക്കാനുള്ള പ്രവര്‍ത്തനത്തിലാണ് പോലീസും ബോംബ് സ്ക്വാഡും. ആഗസ്റ്റ് 7 ന് നഗരത്തിലെ കാഴ്ചബംഗ്ളാവിന് സമീപത്ത് നടന്ന നിര്‍മ്മാണപ്രവര്‍ത്തനത്തിന് ഇടയിലാണ് ഒരു ടണ്‍ ഭാരമുള്ള ഷെല്‍ കണ്ടെത്തിയത്. രണ്ടാം ലോകമഹായുദ്ധ സമയത്ത് ആയിരക്കണക്കിന് ബോംബുകളാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കുഴിച്ചുമൂടപ്പെട്ടിരിക്കുന്നത്.
ബോംബ് കണ്ടെത്തിയ ഇടത്ത് നിന്നും 500 മീറ്റര്‍ പരിധിക്കുളളില്‍ താമസിക്കുന്നവരോട് ആയിരുന്നു മാറാന്‍ അധികൃതര്‍ ആവശ്യപ്പെട്ടത്. ബോംബ് എടുത്തു മാറ്റുന്നത് വരെ ഒഴിപ്പിക്കുന്ന പ്രദേശത്തേക്കുള്ള റോഡുകളും താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്. ചിലര്‍ തങ്ങളുടെ വീട്ടിലെ വളര്‍ത്തുമൃഗങ്ങളെയും എടുത്തുകൊണ്ടാണ് വീടു വിട്ടു പോയിരിക്കുന്നത്. അതേസമയം എപ്പോള്‍ ജോലി അവസാനിക്കുമെന്നോ എപ്പോള്‍ തിരിച്ചുവരാനാകുമെന്നോ ആര്‍ക്കുമറിയല്ല.
2017 ല്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ 1.4 ടണ്‍ ഭാരമുള്ള ബോംബ് കണ്ടെത്തിയതിനെ തുടര്‍ന്ന് നഗരത്തില്‍ നിന്നും ഒഴിപ്പിച്ചത് 65,000 പേരെയായിരുന്നു. 2021 ഡിസംബറില്‍ മ്യൂണിക് സ്റ്റേഷന് സമീപത്തെ ഒരു കെട്ടിട നിര്‍മ്മാണ സൈറ്റില്‍ നിന്നും കണ്ടെത്തിയ രണ്ടാം ലോകമഹായുദ്ധകാലത്തെ ഒരു ബോംബ് പൊട്ടിത്തെറിക്കുകയുണ്ടായി. നാലുപേര്‍ക്കാണ് സംഭവത്തില്‍ പരിക്കേറ്റത്. റെയില്‍ ഗതാഗതത്തെയും ഇത് താറുമാറാക്കിയിരുന്നു.
അമേരിക്കയിലെ സ്മിത്ത് സോണിയാന് മാഗസിന്റെ റിപ്പോര്‍ട്ട് പ്രകാരം 1940 നും 45 നും ഇടയില്‍ 2.7 ദശലക്ഷം ബോംബുകളാണ് ബ്രിട്ടീഷ് വ്യോമസേന യൂറോപ്പില്‍ ഉടനീളം ഇട്ടിട്ടുള്ളത്. ഇവയില്‍ പകുതിയോളം ജര്‍മ്മനിയിലായിരുന്നു. 1945 ല്‍ നാസിപ്പട കീഴടങ്ങുമ്പോള്‍ ജര്‍മ്മനിയിലെ നഗരങ്ങളില്‍ ഉടനീളം വ്യാവസായിക അടിസ്ഥാനസൗകര്യങ്ങള്‍ തകര്‍ന്ന നിലയിലായിരുന്നു.






