
കോഴിക്കോട് : സപ്ലൈകോ ഔട്ട്ലൈറ്റില്‍ സബ് സിഡി സാധനങ്ങള്‍ ഇല്ലെന്ന് എഴുതി പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു . കോഴിക്കോട് പാളയത്തെ മാവേലി സ്റ്റോറിലെ ഇന്‍ ചാര്‍ജ് നിധിനെതിരെയാണ് നടപടി . പരിശോധന നടത്തിയപ്പോള്‍ സബ് സിഡി സാധനങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് സസ്പെന്ഷന് ഉത്തരവില്‍ പറയുന്നു . സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചത് ഉള്‍പ്പെടെയുളള കാരണങ്ങള്‍ കാണിച്ചാണ് നിതിനെതിരെ നടപടി സ്വകരീച്ചത്.
സ്റ്റോറിൽ ചില സാധനങ്ങൾ ഇല്ല എന്ന് ബോർഡിൽ എഴുതി പരസ്യപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഡിപ്പോയിൽ പരിശോധന നടത്തിയപ്പോൾ ഇല്ല എന്ന് പറഞ്ഞ സാധനങ്ങൾ കണ്ടെത്തി. ഉളള സാധനങ്ങൾ ഇല്ല എന്ന് പറഞ്ഞുവെന്ന് സപ്ലൈക്കോയുടെ റീജ്യണൽ മാനേജർ ഇറക്കിയ സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.
സംസ്ഥാനത്തെ മിക്ക സപ്ലൈകോ ഔട്ട്ലെറ്റുകളിലും 13 അവശ്യസാധനങ്ങളില്ല. മിക്കയിടത്തും ഉള്ളത് നാലോ അഞ്ചോ സാധനങ്ങള്‍ മാത്രമാണ്. പലയിടത്തും അവശ്യസാധനങ്ങളുടെ സ്റ്റോക്ക് തീര്‍ന്നിട്ട് ദിവസങ്ങളായി.
മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സംസ്ഥാനത്ത് വിലക്കയറ്റം കുറവെന്ന് മന്ത്രി ജി ആര് അനില്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. മികച്ച രീതിയില്‍ വിപണി ഇടപെടല്‍ നടക്കുന്നുണ്ട്. ഇന്ത്യയില്‍ മറ്റൊരിടത്തും ഇതുപോലെ വിപണി ഇടപെടല്‍ നടക്കുന്നില്ല.
സപ്ലൈകോ ഔട്ട്ലെറ്റ് വഴി വിപണി വിലയേക്കാള്‍ കുറഞ്ഞ വിലയില്‍ 13 സാധനങ്ങള്‍ നല്‍കുന്നുണ്ട്. ടെണ്ടര്‍ നടപടികളില്‍ എല്ലാവരും സഹകരിച്ചിട്ടുണ്ട്. ഓണക്കാലത്ത് എല്ലാ സാധനങ്ങളും മൂന്നിരട്ടി വിപണിയിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.






