
തിരുവനന്തപുരം: താനൂർ കസ്റ്റഡി മരണത്തിൽ കുറ്റം ചെയ്തവർ രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തില്‍ 27 പൊലീസുകാരെ പിരിച്ചു വിട്ടു എന്നത് കുറ്റകൃത്യങ്ങളോട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരു ദാക്ഷിണ്യവും ഉണ്ടാകില്ല എന്നതിന്റെ തെളിവാണെന്നും പറഞ്ഞു. നിയമ സഭയിൽ പ്രതിപക്ഷമുന്നയിച്ച അടിയന്തരപ്രമേയ നോട്ടീസിന്മേലുള്ള ചർച്ചയ്ക്കായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
താനൂർ സംഭവത്തിൽ കർക്കശ നടപടി സ്വീകരിക്കും. പ്രതികളെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള നീക്കം അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും പറഞ്ഞു. കുറ്റകൃത്യങ്ങളുടെ പേരിൽ ഇതുവരെ 27 പേരെ സർവീസിൽ നിന്ന് തന്നെ നീക്കിയിട്ടുള്ള സര്‍ക്കാരാണ് ഇത്. പൊലീസ് ലോക്കപ്പ് ആരെയും തല്ലിക്കൊല്ലാനുള്ള ഇടമല്ലെന്നും മുഖ്യമന്ത്രി മറുപടിയില്‍ പറഞ്ഞു.
കുറ്റവാളികൾക്ക് തക്കതായ ശിക്ഷ ലഭ്യമാക്കുന്നതിന് ഇടപെടൽ ഉണ്ടാകണം. അക്കാര്യത്തിൽ സർക്കാരിന് ഒരു തടസ നിലപാടുമില്ല. കൊള്ളരുതായ്മ കാണിച്ചവരെ സർവീസിൽ നിന്നടക്കം ഒഴിവാക്കുന്നു. 2016 ന് ശേഷം കേരളത്തില്‍ പൊലീസ് ക്രൂരതകൾ അത്ര വലുതായി ഉണ്ടായിട്ടില്ല. അതിന് മുൻപത്തെ പൊലീസിന് കുറ്റകൃത്യങ്ങളോട് എന്തായിരുന്നു നടപടിയെന്നും യുഡിഎഫ് ഭരണകാലത്തെ പോലീസിനെ ലാക്കാക്കി മുഖ്യമന്ത്രി ചോദിച്ചു.
പൊലീസ് ഭാഗത്തുനിന്ന് ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത്തരം കാര്യങ്ങളിൽ കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. മരിച്ച വ്യക്തിയുടെ പരിക്ക് പരാമർശിക്കപ്പെട്ടു. അക്കാര്യം അന്വേഷണ ഏജൻസി അന്വേഷിച്ച് കണ്ടെത്തുമെന്നും പറഞ്ഞു.






