
ഇസ്ലാമാബാദ്: യുഎസ്-ഇറാൻ മധ്യസ്ഥ ചർച്ചകളിൽ ഔദ്യോഗിക മധ്യസ്ഥവേഷമണിയുന്ന പാകിസ്ഥാൻ വീണ്ടും യുഎസിനെ പിന്നിൽ നിന്ന് കുത്തുന്നതായി റിപ്പോർട്ടുകൾ. പാകിസ്ഥാൻ ഇറാനിയൻ സൈനിക വിമാനങ്ങൾക്ക് തങ്ങളുടെ വിമാനത്താവളങ്ങളിൽ പാർക്കിംഗ് സൗകര്യം അനുവദിച്ചതായി റിപ്പോർട്ട്. യുഎസിന്റെയും ഇസ്രായേലിന്റെയും വ്യോമാക്രമണങ്ങളിൽ നിന്ന് അവയെ സംരക്ഷിക്കുന്നതിനാണ് ഈ നീക്കമെന്നാണ് കരുതപ്പെടുന്നത്. നേരത്തെ, ഇറാനുവേണ്ടി ആറ് കരമാർഗം ആറ് പാതകൾ തുറന്നുനൽകി എന്ന വാർത്തകൾ പുറത്തുവന്നിരുന്നു.
ഇറാൻ തങ്ങളുടെ ചില സിവിലിയൻ വിമാനങ്ങൾ അയൽരാജ്യമായ അഫ്ഗാനിസ്ഥാനിലും നിർത്തിയിട്ടിരുന്നതായി സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ സൈനിക വിമാനങ്ങൾ അവിടെ ഉണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ടെഹ്റാൻ തങ്ങളുടെ പ്രധാന പ്രതിരോധ ആസ്തികൾ റാവൽപിണ്ടിക്ക് പുറത്തുള്ള പാകിസ്ഥാൻ വ്യോമസേനാ താവളമായ നൂർ ഖാനിലേക്ക് മാറ്റിയതായി പാകിസ്ഥാൻ വൃത്തങ്ങൾ അമേരിക്കൻ പ്രസിദ്ധീകരണത്തോട് പറഞ്ഞു.
പാകിസ്ഥാനിലേക്ക് അയച്ച സൈനിക ഹാർഡ്വെയറുകളിൽ ഇറാനിയൻ വ്യോമസേനയുടെ RC-130 വിമാനവും ഉൾപ്പെടുന്നു. ലോക്ഹീഡ് നിർമ്മിച്ച C-130 ഹെർക്കുലീസ് ടാക്റ്റിക്കൽ ട്രാൻസ്പോർട്ട് വിമാനത്തിന്റെ നിരീക്ഷണത്തിനും ഇന്റലിജൻസ് ശേഖരണത്തിനുമുള്ള വകഭേദമാണിത് എന്ന് റിപ്പോർട്ട് പറയുന്നു. ഏപ്രിലിൽ ട്രംപ് ഇറാനുമായി വെടിനിർത്തൽ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ വിമാനങ്ങൾ നൂർ ഖാൻ ബേസിലേക്ക് അയച്ചതെന്ന് യുഎസ് ഉദ്യോഗസ്ഥർ കരുതുന്നു.
ഈ റിപ്പോർട്ട് യുഎസിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മധ്യസ്ഥ ചർച്ചകളിൽ പാകിസ്ഥാന്റെ നിഷ്പക്ഷതയെ യുഎസ് നിയമനിർമ്മാതാക്കൾ ചോദ്യം ചെയ്തു. അതേസമയം, യുദ്ധസമയത്ത് മഹാൻ എയറിന്റെ ഒരു ഇറാനിയൻ സിവിലിയൻ വിമാനം കാബൂൾ വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്നതായി അഫ്ഗാനിസ്ഥാൻ സമ്മതിച്ചു. ഇറാനിയൻ വ്യോമാതിർത്തി അടച്ചതിനാലാണ് വിമാനം അവിടെ ഇറക്കിയതെന്നും പിന്നീട് സുരക്ഷാ കാരണങ്ങളാൽ അത് ഹെറാത്ത് വിമാനത്താവളത്തിലേക്ക് മാറ്റിയതായും അഫ്ഗാൻ ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ അഫ്ഗാനിസ്ഥാനിൽ ഇറാനിയൻ വിമാനങ്ങൾ ഒന്നുമില്ലെന്ന് താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു.
പാകിസ്ഥാനിൽ പ്രവർത്തിക്കുന്ന ഭീകര സംഘടനകളും ഹമാസും തമ്മിലുള്ള ബന്ധത്തിൽ ഇസ്രായേൽ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ ഏറ്റവും വലിയ ആയുധദാതാക്കളായ ചൈനയെ പിണക്കാതിരിക്കാനുള്ള നയതന്ത്ര പ്രവർത്തനമാണ് പാകിസ്ഥാൻ നടത്തുന്നത്. അതിനാൽ, ചൈന പിന്തുണയ്ക്കുന്ന ഇറാനെ കൈവിടാൻ തയ്യാറാവില്ല എന്നാ ബ്ണ് നിരീക്ഷകർ കരുതുന്നത്.






