
ബംഗളൂരുവിൽ നിന്നും ഒരു ഓൺലൈൻ പേയ്മെൻറ് തട്ടിപ്പിെന്റ വാർത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഒരു ഓട്ടോറിക്ഷ ഡ്രൈവറെയാണ് ഓൺലൈൻ പണം ഇടപാടിലൂടെ പണം കൈമാറി എന്ന് തെറ്റിദ്ധരിപ്പിച്ച് യാത്രക്കാരിയായ സ്ത്രീ പറ്റിച്ചത്. 23400 രൂപയാണ് സ്ത്രീ നിമിത്തം ഓട്ടോറിക്ഷ ഡ്രൈവർക്ക് നഷ്ടമായത്.
ശിവകുമാർ എന്ന ഓട്ടോറിക്ഷാ ഡ്രൈവറെയാണ് ഏകദേശം 20 വയസ്സിനടുത്ത് പ്രായം തോന്നിക്കുന്ന യുവതി പറ്റിച്ചത്. തട്ടിപ്പ് നടന്ന ദിവസം രാവിലെ ഏകദേശം 9:45 -ഓടെയാണ് ശിവകുമാറിൽ നിന്നും പണം കടം വാങ്ങിയ ഒരാൾ ശിവകുമാറിനെ ഫോണിൽ വിളിച്ചു പണം മടക്കി നൽകാമെന്ന് പറയുന്നത്. ഹനുമന്ത്നഗറിലെ പിഇഎസ് കോളേജിന് സമീപം വന്ന് തനിക്ക് പണം നൽകാൻ ശിവകുമാർ അയാളോട് ആവശ്യപ്പെട്ടു. യാദൃച്ഛികം എന്ന് പറയട്ടെ ഈ ഫോൺ സംഭാഷണം സമീപത്തുനിന്ന ഒരു യുവതി കേൾക്കുന്നുണ്ടായിരുന്നു.
ഉടൻതന്നെ ഇവര്‍ ശിവകുമാറിനെ സമീപിക്കുകയും തന്നെ ഹനുമന്ത്നഗറിലെ പിഇഎസ് കോളേജിൽ കൊണ്ടുവിടാമോ എന്ന് ചോദിക്കുകയും ചെയ്തു. സുഹൃത്തിനെ കാണാനായി അങ്ങോട്ട് പോകാൻ ഒരുങ്ങി നിന്നിരുന്നതിനാൽ ഒരു ഓട്ടം കൂടി കിട്ടുമല്ലോ എന്ന സന്തോഷത്തിൽ ശിവകുമാർ വണ്ടി എടുത്തു. യാത്രക്കിടയിൽ യുവതി ശിവകുമാറിനോട് ഫോൺ നമ്പർ ചോദിച്ചു വാങ്ങി. തന്റെ കയ്യിൽ പണമില്ലെന്നും അതുകൊണ്ട് ഓട്ടോറിക്ഷാ ചാർജ് ഓൺലൈൻ ആയി അയച്ചു നൽകാനാണെന്നും പറഞ്ഞായിരുന്നു യുവതി നമ്പർ വാങ്ങിയത്. ശിവകുമാർ കോളേജിന് സമീപത്തെത്തിയപ്പോൾ അവിടെ പണം കടം വാങ്ങിയ ആൾ പണവുമായി കാത്തുനിൽക്കുണ്ടായിരുന്നു. അദ്ദേഹം യുവതിയുടെ മുൻപിൽ നിന്ന് തന്നെ തനിക്ക് കിട്ടാനുണ്ടായിരുന്ന പണം വാങ്ങി.
തുടര്‍ന്നാണ് യുവതി കോളേജ് ഫീസ് അടയ്ക്കാൻ തനിയ്ക്കു പണം ആവശ്യമുണ്ടെന്നും ആ പണം നൽകുകയാണെങ്കിൽ ഓൺലൈനായി ഇപ്പോൾ തന്നെ പണം ട്രാൻസ്ഫർ ചെയ്തു തരാമെന്നും ശിവകുമാറിനോട് പറഞ്ഞത്. യുവതിയോട് ശിവകുമാർ ആദ്യം ഓൺലൈനായി പണം ട്രാൻസ്ഫർ ചെയ്യണമെന്നും അതിന് ശേഷം പണം നൽകാമെന്നും പറഞ്ഞു. ഉടൻതന്നെ യുവതി ഫോണെടുത്ത് ഓൺലൈൻ ട്രാൻസാക്ഷൻ നടത്തുന്നതായി അഭിനയിച്ചു.
ശിവകുമാർ യുവതി തന്നെ പറ്റിച്ചു എന്നറിഞ്ഞയുടൻ തന്നെ പെൺകുട്ടിയുടെ ഫോട്ടോ എടുക്കാൻ ശ്രമിച്ചെങ്കിലും അതിൽനിന്നും അവള് അതിവിദഗ്ധമായി ഒഴിഞ്ഞുമാറി കോളേജ് ക്യാമ്പസിനുള്ളിൽ കയറി. അവളെ പിന്തുടർന്ന് ശിവകുമാറും കോളേജിനുള്ളിൽ കയറാൻ ശ്രമിച്ചു. പക്ഷേ, സാധിച്ചില്ല. സംഭവത്തില്‍ പോലീസ് അനേ്വഷണം ആരംഭിച്ചു .






