
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണയും വീണയുടെ കമ്പനിയും നിയമവിരുദ്ധമായി പണം നേടിയെന്ന് ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് തീര്പ്പുകല്പിച്ചതോടെ സംസ്ഥാനത്ത് ഭരണപക്ഷവും പ്രതിപക്ഷവും ഭായി ഭായിമാരായെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാപക ആക്ഷേപം. ചക്കരകുടത്തില്‍ എല്ലാരും കൈ ഇട്ടുവെന്നും അറിഞ്ഞപ്പോള്‍ എല്ലാം 'പാര്‍ട്ടിക്കു' വേണ്ടിയെന്ന് പറഞ്ഞ ഒഴിയാന്‍ നോക്കുന്നുവെന്നാണ് ആക്ഷേപം.
നിയമസഭയില്‍ വിഷയം ഗൗരവമായി എടുക്കാതിരുന്നതോടെ പ്രതിപക്ഷത്തിനെതിരേ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. സംസ്ഥാനത്ത് നടക്കുന്നത് ഒത്തുതീര്‍പ്പ് രാഷ്ട്രീയമാണെന്ന ആക്ഷേപവുമായി ബി.ജെ.പിയും രംഗത്ത് എത്തിയതോടെ വിഷയം ചൂടുപിടിക്കുകയാണ്.
സി.എം.ആര്.എല്‍. ഉദ്യോഗസ്ഥന് സുരേഷ് കുമാറിന്റെ വീട്ടില്‍നിന്ന് ആദായനികുതി വകുപ്പ് കണ്ടെടുത്ത രേഖയില്‍ പി.വി, ഒ.സി, ആര്.സി, കെ.കെ, ഐ.കെ എന്നിങ്ങനെ ചുരുക്കെഴുത്തുകളുണ്ട്. ഈ ചുരുക്കെഴുത്തുകള്‍ പിണറായി വിജയന്, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, വി.കെ.ഇബ്രാഹിം കുഞ്ഞ് എന്നീ പേരുകളുടേതാണെന്നു സുരേഷ് മൊഴി നല്‍കിയിരുന്നുവെന്നാണ് സൂചന.
ഇതോടെ പണം വാങ്ങിയെന്ന് സമ്മതിച്ച് യു.ഡി.എഫിലെ പല പ്രമുഖരും രംഗത്ത് എത്തിയത് എല്‍.ഡി.എഫിന് ആശ്വാസവുമായി. വിഷയത്തെ എങ്ങനെ പ്രതിരോധിക്കുമെന്ന് അറിയാതെ വിഷമിക്കുമ്പോഴാണ് യു.ഡി.എഫ്. നേതാക്കളുടെ ന്യായീകരണ രംഗപ്രവേശം. ഇതോടെ സി.പി.എമ്മും ന്യായീകരണവുമായി രംഗത്ത് എത്തുകയായിരുന്നു.
സി.എം.ആര്.എല്‍. എം.ഡി: എസ്.എന്‍. ശശിധരന് കര്ത്തായില്നിന്നു യു.ഡി.എഫിലെ നേതാക്കള്‍ പണം വാങ്ങിയതില്‍ തെറ്റില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രതികരണം. രാഷ്ട്രീയ പാര്‍ട്ടികള്‍ പണം സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നെന്നും സതീശന് പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തനത്തിനു പണം ആവശ്യമുണ്ട്. കച്ചവടക്കാരില്‍നിന്നും വ്യവസായികളില്നിന്നുമെല്ലാം പാര്‍ട്ടികള്‍ സംഭാവന വാങ്ങാറുണ്ട്. അത്തരത്തില്‍ പാര്‍ട്ടി ചുമതലപ്പെടുത്തിയവരാണു സി.എം.ആര്.എലില്‍നിന്നു വാങ്ങിയത്. ശശിധരന് കര്‍ത്ത കള്ളക്കടത്ത് നടത്തുന്ന ആളല്ല -സതീശന് പറഞ്ഞു.
എന്നാല്‍, വീണ വിജയന്റെ കേസ് വ്യത്യസ്തമാണ്. മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്കെതിരേ ഉയര്‍ന്നിരിക്കുന്നത് ഗുരുതര ആരോപണമാണ്. കമ്പനിയുമായി കരാര്‍ ഉണ്ടാക്കിയത് തെറ്റായ രീതിയില്‍ പണം കൈപ്പറ്റുന്നതിനാണെന്നും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സി.എം.ആര്.എല്ലില്‍നിന്നും പണം വാങ്ങിയെന്ന് സമ്മതിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ഇന്നലെ രംഗത്ത് എത്തി. പാര്‍ട്ടിക്ക് വേണ്ടി കെ.പി.സി.സി. പ്രസിഡന്റ് എന്ന നിലയിലാണ് പണം വാങ്ങിയതെന്നാണ് രമേശ് ചെന്നിത്തലയുടെ വിശദീകരണം.
വീണയ്ക്ക് പണം നല്‍കിയത് അഴിമതി തന്നെയാണ്. ഞാന്‍ പണം വാങ്ങിയത് പാര്‍ട്ടിക്ക് വേണ്ടിയാണ്. കര്‍ത്തയെ പോലുള്ളവരോട് പണം വാങ്ങിക്കരുതെന്ന വി.എം. സുധീരന്റെ പരാമര്‍ശത്തില്‍ പ്രതികരിക്കാനില്ലെന്നും ചെന്നിത്തല പറഞ്ഞു. താന്‍ ഇന്നുവരെ കൈകൊണ്ടു കാശ് വാങ്ങിയിട്ടില്ലെന്നായിരുന്നു മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. കൈകൊണ്ട് എന്നു മാത്രമേ പറയുന്നുള്ളൂ. പാര്‍ട്ടി സംഭാവന സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ രസീതും കൊടുത്ത് കണക്കും വച്ചിട്ടുണ്ടാകുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.






