
തൃശൂര്‍: ഭാര്യയെ കമ്പിപാര കൊണ്ട് തലയ്ക്കടിച്ച് കൊന്നശേഷം പ്രവാസിയായ ഭര്‍ത്താവ് പോലീസിലെത്തി കീഴടങ്ങി. തൃശൂര്‍ ചേറൂര് കല്ലടിമൂലയില്‍ സുലി (46) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി നടന്ന സംഭവത്തില്‍ ഭര്‍ത്താവ് ഉണ്ണികൃഷ്ണന് (50) വിയ്യൂര്‍ സ്റ്റേഷനില്‍ എത്തി കീഴടങ്ങി.
വിദേശത്തായിരുന്ന ഇയാള്‍ മൂന്ന് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. കൃത്യം നടത്തിയ ശേഷം ഭാര്യയെ താന്‍ കൊലപ്പെടുത്തിയെന്ന് ഇയാള്‍ പോലീസ് സ്റ്റേഷനില്‍ വന്നു പറയുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവം ശരിയാണെന്നു കണ്ടെത്തി.
ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് കരുതുന്നത്. ദീര്‍ഘകാലമായി പ്രവാസജീവിതം നയിച്ചിരുന്ന ഉണ്ണികൃഷ്ണന് വിദേശവാസം പരിപൂര്‍ണ്ണമായും അവസാനിപ്പിച്ച് നാട്ടിലെത്തിയതായിരുന്നു.
പ്രവാസജീവിത കാലത്ത് ഭാര്യയുടെ പേരിലേക്ക് ഒരു കോടി രൂപയോളം അയച്ചു കൊടുത്തിരുന്നതായും എന്നാല്‍ എല്ലാം അവസാനിപ്പിച്ച് വീട്ടില്‍ എത്തിയപ്പോള്‍ ഈ പണമൊന്നും ബാക്കിയില്ലെന്നും ഭാര്യയുടെ പേരില്‍ മൂന്ന് ലക്ഷം രൂപ കടവുമായിരുന്നു.
ഒറ്റപ്പെട്ട പ്രദേശത്താണ് ഇവര്‍ താമസിക്കുന്നത്. രണ്ട് മക്കളും പുറത്തായതിനാല്‍ വീട്ടില്‍ സ്ത്രീ മാത്രമാണ് ഉണ്ടായിരുന്നത്. അയല്പക്കക്കാരുമായും ബന്ധമുണ്ടായിരുന്നില്ല. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. ഉണ്ണിക്കൃഷ്ണന് കസ്റ്റഡിയിലാണ്.






