
കോഴിക്കോട്: സുഹൃത്തിന്റെ ശബ്ദവും ദൃശ്യവും നിര്‍മിതബുദ്ധി(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്)യിലൂടെ ചമച്ച് കോഴിക്കോട് സ്വദേശിയില്‍നിന്നു 40,000 രൂപ തട്ടിയ കേസിലെ പ്രതി ഗുജറാത്ത് അഹമ്മദാബാദിലെ ഉസ്മാന്‍പുര സ്വദേശി കൗശല്‍ ഷാ(42)യെന്നു പോലീസ്.
കോഴിക്കോട് ചാലപ്പുറം സ്വദേശി പടിയേരി രാധാകൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍നിന്നാണു പണം കവര്‍ന്നത്. െസെബര്‍ പോലീസിന്റെ അന്വേഷണത്തിലാണു പ്രതിയെ തിരിച്ചറിഞ്ഞത്.
ഗുജറാത്തിലും മുംെബെയിലും ഗോവയിലുമായി താവളം മാറുന്ന കൗശല്‍ ഷായെ കണ്ടെത്താന്‍ ശ്രമം തുടരുന്നു. ഇയാള്‍ക്കു നിരവധി മൊെബെല്‍ നമ്പറുകളും ബാങ്ക് അക്കൗണ്ടുകളുമുണ്ട്. നിരവധി സാമ്പത്തികത്തട്ടിപ്പ് കേസുകളില്‍ പ്രതിയായ കൗശല്‍ കുടുംബവുമായി അകന്നുകഴിയുകയാണ്.
വീട്ടുകാരുമായി പോലീസ് ബന്ധപ്പെട്ടു. ഗോവയിലും ഗുജറാത്തിലും കോഴിക്കോട് സിറ്റി െസെബര്‍ ക്രൈം പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണു ജിയോ പേയ്മെന്റ് ബാങ്ക് അക്കൗണ്ട് ഉടമയായ കൗശല്തന്നെയാണു പ്രതിയെന്നു വ്യക്തമായത്.
കേന്ദ്രസര്‍ക്കാര്‍ മുന്‍ ഉദ്യോഗസ്ഥനായ രാധാകൃഷ്ണനില്‍നിന്നു കഴിഞ്ഞമാസം ഒമ്പതിനാണു പ്രതി പണം തട്ടിയത്. രാധാകൃഷ്ണന്റെ സഹപ്രവര്‍ത്തകനായിരുന്ന സുഹൃത്തിന്റെ ശബ്ദവും വീഡിയോ ദൃശ്യവും എ.ഐ. ഉപയോഗിച്ച് ചമച്ച് ആശുപത്രിച്ചെലവിനെന്ന വ്യാജേന 40,000 രൂപ ആവശ്യപ്പെടുകയായിരുന്നു.
രാധാകൃഷ്ണന് ആവശ്യപ്പെട്ടതനുസരിച്ച് സുഹൃത്തിന്റെ രൂപത്തില്‍ കൃത്രിമ വാട്സ്ആപ് വീഡിയോ കോളും നടത്തി. സിറ്റി പോലീസ് കമ്മിഷണറുടെയും ഡെപ്യൂട്ടി കമ്മിഷണറുടെയും മേല്‍നോട്ടത്തിലാണ് അന്വേഷണം.






