
കഴിഞ്ഞ വര്‍ഷം പ്രേക്ഷകപ്രശംസയും നിരൂപകപ്രശംസയും ഏറെ ഏറ്റുവാങ്ങിയ സിനിമയായിരുന്നു രതീഷ് ബാലകൃഷ്ണന് സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബന് നായകനായ ‘ന്നാ താന്‍ കേസ് കൊട്’. ജനപ്രീതി മാത്രമല്ല സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും ഈ സിനിമ വാരിക്കൂട്ടി. സിനിമയില്‍ കുഞ്ചാക്കോ ബോബന്റെ കൊഴുമ്മല്‍ രാജീവൻ എന്ന കഥാപാത്രം വലിയ നിരൂപക പ്രശംസ നേടിയിരുന്നു. ഇപ്പോഴിതാ രതീഷിന്റെ തന്നെ പുതിയ ചിത്രത്തിലും അതേ കഥാപാത്രമായി കുഞ്ചാക്കോ ബോബൻ എത്തുമെന്ന വാര്‍ത്തകളാണ് വരുന്നത്. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന്റെ സ്പിന്‍ ഓഫ് ആയ രതീഷ് ബാലകൃഷ്ണന്റെ പുതിയ സിനിമയായ സുരേശന്റെയും സുമലതയുടെയും ഹൃദയ ഹാരിയായ പ്രണയകഥ എന്ന ചിത്രത്തിലാണ് ചാക്കോച്ചന്റെ കൊഴുമ്മല്‍ രാജീവനും ഒരു പ്രധാന കഥാപാത്രമായി എത്തുന്നത്. പയ്യന്നൂരിലും പരിസര പ്രദേശങ്ങളിലുമായി നടന്നുവരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഇപ്പോള്‍ ചാക്കോച്ചനും കൊഴുമ്മല്‍ രാജീവനായി എത്തിയിട്ടുണ്ട്. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന്റെ ഒരുവര്‍ഷം തികയുന്ന അതേ ഡേറ്റില്‍ തന്നെയാണ് ചാക്കോച്ചനും സിനിമയുടെ ഭാഗമായിരിക്കുന്നത്. അതിന്റെ ചിത്രം ചാക്കേച്ചന് തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടിട്ടുമുണ്ട്. ‘‘കൊഴുമ്മൽ രാജീവന്റെയും ന്നാ താന്‍ കേസ് കൊട് ന്റെയും ഒരു വർഷം !!! ഇപ്പോഴും ജീവിക്കുകയും നിലനില്ക്കുകയും ചെയ്യുന്നു. ഒരേ സ്രഷ്ടാവിനും ഒരേ ഗോത്രത്തിനും ഒപ്പം വാർഷിക ദിനത്തിൽ അതേ കഥാപാത്രത്തെ പുനരുജ്ജീവിപ്പിക്കുന്നത് ശുദ്ധമായ ആനന്ദവും അനുഗ്രഹവുമാണ്!!
സന്തോഷേട്ടൻ, ഗായത്രി, രാകേഷ് എന്നിവരെ ശരിക്കും മിസ്സ് ചെയ്യുന്നു...’’എന്ന ക്യാപ്ഷനും നല്‍കിയാണ് രസകരമായ ചിത്രവും ഷെയര്‍ ചെയ്ത് ചാക്കോച്ചന് പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ ചാക്കോച്ചന് സംവിധായകന് രതീഷ് ബാലകൃഷ്ണനെ താജ്മഹലിന്റെ അളുങ്ക് സ്റ്റാറ്റ്യൂ നല്കി അനുഗ്രഹിക്കുന്നതും രതീഷ് ചാക്കോച്ചന്റെ കാലില്‍ തൊടാനൊരുങ്ങുന്നതും കാണാം. കടല്തീരത്തിന്റെ ബാക്ക്ഗ്രൗണ്ടിലാണ് ചിത്രം ക്ലിക്ക് ചെയ്തിരിക്കുന്നത്.
ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തില്‍ രാജേഷ് മാധവനും ചിത്രയുംഅവതരിപ്പിച്ച സുരേഷനും സുമലതയും കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രമാണിത്. സിനിമയുടെ പാട്ടുകളും ഇരുവരും വിവാഹിതരാകുന്നു എന്ന തരത്തിലുള്ള പ്രമോഷനും സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു.ചിത്രത്തിന്റെ വിജയവും വാര്‍ഷികവും സെറ്റില്‍ അണിയറപ്രവര്‍ത്തകര്‍ കേക്ക് മുറിച്ച് ആഘോഷിച്ചിരുന്നു.






