
സുരക്ഷാ ചുമതലയുണ്ടായിരുന്ന പോലീസുകാര്‍ക്കെതിരെ ഗ്രോവാസുവിനെ കോടതിയിലെത്തിച്ചപ്പോള്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാനൊരുങ്ങി ആഭ്യന്തര വകുപ്പ്. മുഖ്യമന്ത്രിക്കെതിരെയുള്‍പ്പെടെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെച്ച്പ്രതികരിക്കാന് അവസരമൊരുക്കിയതാണ് ഉന്നത ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചത്. കോഴിക്കോട് ഡെപ്യൂട്ടി കമ്മീഷണര്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെട്ടു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ കരുളായി വനമേഖലയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം എത്തിച്ചപ്പോള്‍ ഗതാഗതം തടസ്സപ്പെടുത്തി പ്രതിഷേധിച്ച കേസിലാണ് ഗ്രോ വാസുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ചയാണ്കോടതിയില് ജാമ്യം വേണ്ടെന്ന നിലപാട് എടുത്തതോടെ 14 ദിവസം റിമാന്റിലായിരുന്ന വാസുവിനെ വീണ്ടും കുന്ദമംഗലം കോടതിയില്‍ എത്തിച്ചത്. പിഴയടച്ച് കേസ് അവസാനിപ്പിക്കാന്‍ തയ്യാറാകാതിരുന്നതിനെത്തുടര്‍ന്ന് കോടതി വാസുവിെന്റ റിമാന്റ് നീട്ടി. ഇതിനു പിന്നാലെയാണ് സഹപ്രവര്‍ത്തകരുടെ കൈ പിടിച്ച് കോടതി മുറ്റത്തേക്ക് വന്ന വാസു മാധ്യമങ്ങളോട് തന്റെ നിലപാട് വിശദീകരിച്ചത്.
സംഭവം ഉന്നതരുടെ ശ്രദ്ധയില്‍പെട്ടതോടെയാണ് പോലീസുകാര്‍ക്കെതിരെ നടപടിക്ക് വഴിയൊരുങ്ങിയത്. മാധ്യമങ്ങളോട് സംസാരിക്കാന്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതിക്ക്അവസരമൊരുക്കിയത് ഡ്യട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ വലിയ വീഴ്ചയാണെന്ന് കാണിച്ച് രഹസ്യാന്വേഷണ വിഭാഗവും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.





