
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന്റെ പ്രചരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന് എത്തും.
ഈ മാസം 24 ന് പ്രചാരണത്തിനെത്തുന്ന മുഖ്യമന്ത്രി അയര്‍ക്കുന്നത്തും പുതുപ്പള്ളിയിലും ചേരുന്ന എല്‍ഡിഎഫിന്റെ യോഗങ്ങളില്‍ പങ്കെടുക്കും. അതേസമയം, ആദ്യഘട്ട പ്രചാരണത്തിന് മന്ത്രിമാര്‍ പങ്കെടുക്കുന്നില്ല. 31 ന് ശേഷമുള്ള രണ്ടാം ഘട്ട പ്രചാരണത്തില്‍ വീണ്ടും മുഖ്യമന്ത്രി എത്തുമെന്നാണ് റിപ്പോര്‍ട്ട്.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ജെയ്ക് സി തോമസിനെ മൂന്നാം അങ്കത്തിനാണ് സിപിഎം ഇറക്കുന്നത്. വ്യക്തിപരമായ ആക്രമണം പ്രചാരണ വേദിയില്‍ വേണ്ടെന്നാണ് സിപിഎമ്മിന്റെ നിലപാട്. പുതുപ്പള്ളിയില്‍ രാഷ്ട്രീയം മാത്രം പറയും. വികസനം തടസപ്പെടുത്തുന്ന പ്രതിപക്ഷ നയം ആയുധമാക്കണമെന്നും കേന്ദ്രത്തിന്റെ നയസമീപനങ്ങള്‍ ചര്‍ച്ചയാക്കണമെന്നുമാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്.
അതേസമയം, ഞായറാഴ്ച ദിവസം പ്രവര്‍ത്തകരോടൊപ്പം ഭവന സന്ദര്‍ശനത്തിന്റെ തിരക്കിലാണ് പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍. പള്ളിത്തര്‍ക്കമടക്കം വിവാദ ചോദ്യങ്ങളില്‍ നിന്ന് ചാണ്ടി ഉമ്മന്‍ ഒഴിഞ്ഞുമാറിയിരുന്നു.






