
കൊച്ചി/തൃശൂര്‍: വീണ്ടും സര്‍ക്കാര്‍-ഗവര്‍ണര്‍ ഏറ്റുമുട്ടലിനു വഴി തുറന്നു മാസപ്പടി വിവാദം. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് ഉള്‍പ്പെടെയുള്ളവര്‍ സ്വകാര്യ സ്ഥാപനത്തില്‍നിന്നു മാസപ്പടി െെകപ്പറ്റിയെന്ന ആരോപണം പരിശോധിക്കുമെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു.
'' പുറത്തുവന്നത് ആദായനികുതി വകുപ്പിന്റെ കണ്ടെത്തലുകളാണ്. കണ്ടെത്തലുകള്‍ ഗുരുതരമാണെന്നു മാധ്യമങ്ങളില്‍കൂടി മനസിലാക്കുന്നു. ഇതു ഗൗരവത്തോടെയാണു കാണുന്നത്. തിരുവനന്തപുരത്തെത്തി എന്താണു സംഭവിച്ചതെന്നു വിശദമായി അറിയാന്‍ ശ്രമിക്കും. മുഖ്യമന്ത്രിയോടു വിശദീകരണം തേടുന്നതു പിന്നീടു തീരുമാനിക്കും.''- ഗവര്‍ണര്‍ പറഞ്ഞു.
മനുഷ്യാവകാശ കമ്മിഷന് ചെയര്‍മാനായി മുന്‍ ചീഫ് ജസ്റ്റിസ് എസ്. മണികുമാറിനെ നിയമിച്ചതിനെക്കുറിച്ച് അറിയിപ്പു ലഭിച്ചിട്ടില്ലെന്നുഗവര്ണര് പറഞ്ഞു. അറിയിപ്പു ലഭിച്ചശേഷം ആവശ്യമെങ്കില്‍ നിയമോപദേശം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മുഖ്യമന്ത്രിയുടെ മകളുടെ വിഷയത്തില്‍ ഇടപെടാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നാണു സംസ്ഥാന സര്‍ക്കാരിന്റെ വാദം. ഗവര്‍ണറുടേത് അധികാരപരിധി വിട്ടുള്ള നടപടിയാണെന്നും അവര്‍ വിലയിരുത്തുന്നു.
വീണയ്ക്കെതിരേ ഉയര്‍ന്ന മാസപ്പടി ആരോപണത്തില്‍ ന്യായീകരണവുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് വീണ്ടും രംഗത്തെത്തി. രണ്ടു കമ്പനികള്‍ തമ്മില്‍ ഒപ്പുവച്ച കരാറാണെന്നും അതുപ്രകാരം പ്രതിഫലം പറ്റാന്‍ അവകാശമുണ്ടെന്നും എം.വി. ഗോവിന്ദന് പറഞ്ഞു. ഏതു സേവനത്തിനാണു പണം െകെപ്പറ്റിയതെന്ന ചോദ്യത്തിന്, അതു കമ്പനിയാണു പറയേണ്ടതെന്ന് അദ്ദേഹം മറുപടി നല്കി.
പൊതുപ്രവര്‍ത്തകര്‍ സ്വാര്‍ത്ഥ നേട്ടങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നവരാകരുതെന്നു ഗവര്‍ണര്‍ തൃശൂരില്‍ പറഞ്ഞു. സാധാരണക്കാരുടെ കണ്ണീരൊപ്പാനുള്ള പ്രവര്‍ത്തനമാണു പൊതുപ്രവര്‍ത്തകര്‍ നടത്തേണ്ടത്. അതിനായി സ്വന്തമായുള്ളതെല്ലാം ത്യജിക്കേണ്ടിവന്നാല്‍ അതും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.






