മുംബൈ: അദാനി കമ്പനിയുടെ ഓഡിറ്റര്‍ ഡെലോയിറ്റ് ഹസ്കിന്‍സ് ആന്റ് സെല്‍സ് എല്‍എല്‍പി രാജിവച്ചതിനു പിന്നാലെ അദാനി ഗ്രൂപ്പിന്റെ ഓഹരികളില്‍ ഇടിവ്. അദാനി പോര്‍ട്സ് ആന്റ് സ്പെഷ്യല്‍ എക്കണോമിക് സോണ്‍ എന്നിവയില്‍ 4.5% ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. അദാനി എന്റര്‍പ്രൈസസിലെ മൂല്യത്തില്‍ 4.19% ഇടിവുണ്ടായി. 106.3 രൂപ താഴ്ന്ന് 2,432.15ലെത്തി. അദാനി ഗ്രീന്‍ എനര്‍ജിയുടെ ഓഹരി മൂല്യത്തില്‍ 2.29% അഥവാ 22.25 രൂപ താഴ്ന്ന് 949.25ലെത്തി.
ബിഎസ്ഇ സെന്‍സെക്സ് തിങ്കളാഴ്ച 460 പോയിന്റ് താഴ്ന്ന് 64,862ലാണ് വ്യാപാരം ആരംഭിച്ചത്. എന്‍എസ്ഇ നിഫ്റ്റി 154.1 പോയന്റ് താഴ്ന്ന് 19,274.20ലുമെത്തിയിരുന്നു. യു.എസ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം 25 പൈസ താഴ്ന്ന് 83.07 രൂപയിലെത്തി.
സെന്‍സെക്സില്‍ 25 ഓഹരികള്‍ തകര്‍ച്ച നേരിടുന്നുണ്ട്. ജെഎസ്ഡബ്ല്യൂ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, എസ്ബിഐ, ബജാജ് ഫിന്സെര്വ്്, ടാറ്റ സ്റ്റീല്‍ എന്നിവയാണ് ഏറ്റവും നഷ്ടം നേരിടുന്നത്. 2.12 ശതമാനത്തോളം ഇടിവാണ് ഓരോ ഓഹരിയും നേരിട്ടത്.
അതേസമയം, ഓഹരി വരുമാനം പെരുപ്പിച്ചു കാണിച്ചുവെന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അന്വേഷണ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാന്‍ സെബി 15 ദിവസം കൂടി സാവകാശം തേടി. അന്വേഷണം പൂര്‍ത്തിയായെന്നും റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കാന്‍ രണ്ടാഴ്ച കൂടി സമയം വേണമെന്നാണ് സെബി സമര്‍പ്പിച്ച അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.






