
ലോകത്തിന്റെ ഏത് കോണില്‍ ചെന്നാലും ഇന്ത്യക്കാരാണ് എന്നതില്‍ അഭിമാനിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. അതുപോലെ തന്നെയാണ് നമുക്ക് ഇന്ത്യയുടെ പതാകയും. അത്രയേറെ സ്നേഹത്തോടെയും ബഹുമാനത്തോടെയും അഭിമാനത്തോടെയുമാണ് നാം നമ്മുടെ രാജ്യത്തിന്റെ പതാക ചേര്‍ത്ത് പിടിക്കുന്നത്. അതുപോലെ ആ പതാക ഉയര്‍ത്തിപ്പിടിക്കാന്‍ അവസരം കിട്ടിയാല്‍ നാമത് ചെയ്യുമെന്ന് തെളിയിച്ചിരിക്കുകയാണ് വിദേശത്ത് പഠിക്കുന്ന ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി. ഇതിനോടകം തന്നെ ഇതിന്റെ വീഡിയോയും പ്രചരിച്ചുക്കഴിഞ്ഞു.
വീഡിയോയില്‍ ബിരുദദാന ചടങ്ങിനിടയില്‍ വിദേശത്ത് പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി പരമ്പരാഗത ഇന്ത്യന്‍ രീതിയില്‍ വസ്ത്രം ധരിച്ചിരിക്കുന്നതാണ് കാണുന്നത്. തുടര്‍ന്ന് കുര്‍ത്തയും ദോത്തിയും ഗ്രാജ്വേഷന് റോബും ധരിച്ചിരിക്കുന്ന വിദ്യാര്‍ത്ഥി വേദിയിലേക്ക് വരുന്നത് കാണാം. ശേഷം സദസില്‍ ഇരിക്കുന്നവരെ നോക്കി രണ്ട് കയ്യും കൂപ്പി നമസ്കാരം പറയുന്നു. സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി ചെല്ലവെ അവന് തന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരിക്കുന്ന ഇന്ത്യയുടെ ത്രിവര്‍ണ പതാക കയ്യിലെടുക്കുകയും അത് നിവര്‍ത്തുകയും ചെയ്യുന്നത് ശ്രദ്ധേയമാണ്. ഇന്ത്യയുടെ നിവര്‍ത്തിപ്പിടിച്ച പതാകയുമായി വേദിയിലൂടെ വിദ്യാര്‍ത്ഥി നടന്നു നീങ്ങുന്നതും വീഡിയോയില്‍ കാണാം. ആ സമയത്ത് കരഘോഷങ്ങളുടെ ശബ്ദവും കേള്‍ക്കാം.
ഐഎഎസ് ഓഫീസറായ അവനീഷ് ശരണ്‍ ആണ് വീഡിയോ ട്വിറ്ററില്‍ പങ്ക് വച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. നിരവധിപ്പേരാണ് വീഡിയോ കണ്ടതും കമന്റുകളുമായി എത്തിയതും. 'അവന് ഒരു ബിരുദം നേടി, നിരവധിപ്പേരുടെ ഹൃദയവും' എന്നാണ് വീഡിയോയ്ക്ക് കാപ്ഷന്‍ നല്‍കിയിരിക്കുന്നത്. 'ഈ യുവാവിന് സല്യൂട്ട്' എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു. അതേസമയം മറ്റൊരാള്‍, 'എന്തുകൊണ്ടാണ് എന്ന് അറിയില്ല ഇതെന്നെ സ്വാമി വിവേകാനന്ദന് ചിക്കാഗോയില്‍ നടത്തിയ പ്രസംഗത്തെ കുറിച്ച് ഓര്‍മ്മിപ്പിച്ചു' എന്നാണ് ഒരാള്‍ കമന്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
He got a degree and won millions heart.❤️ pic.twitter.com/sX25GC9pZI
— Awanish Sharan 🇮🇳 (@AwanishSharan) August 11, 2023






