
ഡൽഹി മെട്രോയിൽ നടന്ന ഒരു സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. നിൽക്കാൻ സ്ഥലം കിട്ടാത്തതിന്റെ പേരിൽ രണ്ടു സ്ത്രീകൾ തമ്മിലുള്ള വാക്കേറ്റവും തമ്മിൽ തല്ലുമാണ് വീഡിയോയിൽ.
ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. നിരവധി ആളുകളാണ് ഇതുവരെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞത്. മെട്രോയ്ക്കുള്ളിൽ നിന്നിരുന്ന സ്ത്രീകൾക്കിടയിലാണ് വാക്കേറ്റമുണ്ടായത്. ആദ്യം നിൽക്കാൻ സ്ഥലം ഇല്ലാത്തതിന്റെ പേരിലുള്ള തർക്കമാണ് പ്രശ്നങ്ങൾക്ക് വഴിതെളിച്ചത്. രണ്ടു സ്ത്രീകൾ പരസ്പരം മാറിനിൽക്കാൻ തയ്യാറാകാതെ തങ്ങൾ നിന്നിരുന്ന സ്ഥലത്തെ ചൊല്ലി അഭിപ്രായവ്യത്യാസം ഉണ്ടാവുകയും ഒടുവില്‍ കാര്യങ്ങൾ കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു.
ഇരുവരും പരസ്പരം ചീത്ത വാക്കുകൾ വിളിച്ചുകൊണ്ട് തുടങ്ങിയ വാക്കേറ്റം ഒടുവിൽ തല്ലിൽ കലാശിച്ചു. സ്ത്രീകൾ പരസ്പരം തള്ളിനീക്കാൻ ശ്രമിക്കുന്നതും തല്ലാൻ ഒരുങ്ങുന്നതും വീഡിയോയിൽ കാണാം. ഇരുവരെയും സമീപത്തു നിൽക്കുന്ന മറ്റു സ്ത്രീകൾ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വാക്കേറ്റത്തിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകൾ അതിന് തയ്യാറാകുന്നില്ല. മെട്രോയിൽ യാത്ര ചെയ്തിരുന്ന ഒരു യാത്രക്കാരൻ പകർത്തിയതാണ് വീഡിയോ ദൃശ്യങ്ങൾ.






