
കല്യാണ്‍: പ്രണയാഭ്യര്‍ത്ഥന നിരസിച്ച 12 കാരിയെ 20 വയസ്സുള്ള യുവാവ് മാതാവിന്റെ മുന്നിലിട്ട് കുത്തിക്കൊലപ്പെടുത്തി. മുംബൈയിലെ കല്യാണില്‍ നടന്ന സംഭവത്തില്‍ ആക്രമണത്തിന് ശേഷം ഒരു ബോട്ടില്‍ ഫിനൈല്‍ എടുത്ത് കുടിക്കാനൊരുങ്ങിയ യുവാവിനെ അതിന് മുമ്പ് നാട്ടുകാര്‍ ഇടപെട്ട് തടയുകയും പിടിച്ചു പോലീസിന് കൈമാറുകയും ചെയ്തു. ടിസ്ഗോണിലെ ദുര്ഗാസദനിലെ പ്രണിതാദാസ് എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്.
ആദിത്യ കാംബ്ളി എന്ന യുവാവാണ് പിടിയിലായത്. ട്യൂഷന് കഴിഞ്ഞ് മാതാവിനൊപ്പം മടങ്ങുമ്പോഴാണ് പെണ്‍കുട്ടിയെ യുവാവ് ആക്രമിച്ചത്. വീട്ടിലേക്കുളള പടിക്കെട്ടുകള്‍ കയറുമ്പോള്‍ മാതാവിനെ തള്ളിമാറ്റി ആദിത്യ പെണ്‍കുട്ടിയുടെ നെഞ്ചില്‍ കുത്തുകയായിരുന്നു.
ആക്രമിക്കുക ലക്ഷ്യമിട്ട് വീടിന് സമീപം ഇയാള്‍ ചുറ്റിത്തിരിഞ്ഞിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. നെഞ്ചിലും വയറിലുമായി എട്ടിലധികം തവണ കുത്തിയതായി പോലീസ് പറഞ്ഞു. തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ മാതാവിനെയും ഇയാള്‍ തള്ളിവീഴ്ത്തി. ഇവരുടെ അലര്‍ച്ച കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഓടിയെത്തി പ്രണിതയെ സമീപത്തെ രുക്മിണിഭായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയില്‍ കഴിയുന്നതിനിടയില്‍ പെണ്‍കുട്ടി മരണമടഞ്ഞു.
പ്രാഥമികാന്വേഷണത്തില്‍ പെണ്‍കുട്ടിയോട് യുവാവ് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നതായി പോലീസ് കണ്ടെത്തി. എന്നാല്‍ പ്രണിത ഇത് തള്ളിയിരുന്നു. പെണ്‍കുട്ടി ട്യൂഷന് കഴിഞ്ഞു വരുമ്പോള്‍ ആക്രമിക്കുക ലക്ഷ്യമിട്ട് ഇയാള്‍ തൊട്ടടുത്ത കെട്ടിടത്തിന് സമീപം കഴിച്ചുകൂട്ടുകയായിരുന്നു എന്നാണ് പോലീസ് നല്കുന്ന വിവരം.






