
ബെല്‍ഗ്രേഡ്: കോര്‍ട്ടിലെ ഗ്ളാമര്‍ റാണിമാരില്‍ ഒരാളായ സെര്‍ബിയന്‍താരം അന്നാ ഇവാനോവിക്ക് ടെന്നീസിനോട് വിടപറഞ്ഞു. അതും 29 ാം വയസ്സില്‍. ശാരീരികക്ഷമത നിലനിര്‍ത്താന്‍ കഴിയാതെ വന്നതിനെ തുടര്‍ന്നാണ് താരം കളം വിട്ടത്. ഗ്രാന്റ്സ്ളാം കോര്‍ട്ടുകളില്‍ മുന്‍ ഒന്നാം നമ്പര്‍ നോവാക് ജോക്കോവിക്കിനൊപ്പം സെര്‍ബിയന്‍ വസന്തം തീര്‍ത്ത കളിക്കാരില്‍ ഒരാളായ അന്നാ ഇവാനോവിക് ഗ്രാന്റ്സ്ളാം കിരീടം ചൂടുന്ന ആദ്യ സെര്‍ബിയന്‍ വനിതാതാരം കൂടിയാണ്.
2008 ല്‍ റഷ്യന്‍താരം ദിനാറാസാഫിനയെ തകര്‍ത്ത് ഫ്രഞ്ച് കിരീടം ചൂടിയതിലൂടെ ലോകശ്രദ്ധയിലേക്ക് എത്തിയതാരം ഒരു ഘട്ടത്തില്‍ ലോക ഒന്നാം നമ്പര്‍ താരം കുടിയായിരുന്നു. ഈ സമയത്ത് തന്നെയായിരുന്നു നോവാക് ജോക്കോവിക് ഓസ്ട്രേലിയന്‍ ഓപ്പണില്‍ കിരീടം നേടിയതും. ഫേസ്ബുക്കിലൂടെയാണ് തന്റെ വിരമിക്കല്‍ തീരുമാനം അന്നാ ഇവാനോവിക് അറിയിച്ചത്. തീരുമാനം ഏറെ ദുഷ്ക്കരമാണ് എങ്കിലും ഇതല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്നും താരം പോസ്റ്റില്‍ പറയുന്നു. അഞ്ചാം വയസ്സ് മുതല്‍ ടെന്നീസ് കിരീടം സ്വപ്നം കണ്ടിരുന്ന തന്നെ ഈ സ്വപ്നതുല്യമായ നേട്ടത്തിലേക്ക് എത്തിച്ചത് അന്നു മുതല്‍ പിന്തുണയ്ക്കുന്ന മാതാപിതാക്കളാണെന്നും പറഞ്ഞു.
ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടി ലോകറാങ്കിംഗിന്റെ നെറുകയിലേക്ക് കയറാന്‍ കഴിഞ്ഞിരുന്നെങ്കിലും അത് നില നിര്‍ത്താന്‍ താരത്തിന് കഴിഞ്ഞില്ല. 2009 ല്‍ ഫോം നഷ്ടമായതിനെ തുടര്‍ന്ന് 22 ാം സ്ഥാനത്തേക്ക് വീണുപോയി. എന്നാല്‍ 2014 ലും 2015 ലും ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍ കടന്ന് ആദ്യ അഞ്ചിലേക്ക് എത്താന്‍ താരത്തിന് കഴിഞ്ഞിരുന്നെങ്കിലും ഈ വര്‍ഷം യുഎസ് ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ തന്നെ ചെക്ക് താരം ദെനീസാ അല്ലെര്ട്ടോവയോട് തോറ്റ് അറുപതാം സ്ഥാനത്തേക്ക് വീണിരുന്നു.
ഓര്‍മ്മയില്‍ തങ്ങി നില്ക്കുന്ന അനേകം മത്സരങ്ങള്‍ കളിച്ചിട്ടുണ്ടെങ്കിലും എന്നും ആദ്യ റാങ്കുകളില്‍ തുടരണമെങ്കില്‍ അസാധാരണ കായിക മികവ് തന്നെ വേണമെന്നും ഇത് തുടര്‍ച്ചയായി പരിക്കേല്പ്പിക്കുന്നതായും താരം പറഞ്ഞു. കളത്തിന് പുറത്ത് ഗ്ളാമര്‍ കൊണ്ടും വാര്‍ത്തയില്‍ ഇടം പിടിച്ച താരം ഈ വര്‍ഷമാണ് ജര്‍മ്മന്‍ ഫുട്ബോള്‍ താരം ബാസ്റ്റിയന്‍ ഷ്വൊന്സ്റ്റീഗറെ വിവാഹം കഴിച്ച് കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചത്. അടുത്തത് എന്താണെന്ന് തീര്‍ച്ചപ്പെടുത്തിയിട്ടില്ലെങ്കിലും ആരോഗ്യ ജീവിതത്തിന്റെയോ കായികവേദിയുമായി ബന്ധപ്പെട്ടതോ സൗന്ദര്യമോ ഫാഷനോ പോലെ ഏതെങ്കിലും മേഖലയില്‍ ഉണ്ടാകുമെന്നും താരം വ്യക്തമാക്കി.




