
ഇടുക്കിയിൽ ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താലിൽ പലയിടത്തും അക്രമം. ഹർത്താലനുകൂലികൾ ഏലപ്പാറയിൽ ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയെത്തിയ വാഹനത്തിലെ ഡ്രൈവറെ കയ്യേറ്റം ചെയ്തു. പീരുമേട് സ്വദേശി ബിനീഷ് കുമാറിനാണ് മർദ്ദനമേറ്റത്.
രാവിലെ പത്തുമണിയോടെ ഏലപ്പാറയിൽ വച്ചായിരുന്നു സംഭവം. ഹർത്താൽ അനുകൂലികൾ ശബരിമല ദർശനം കഴിഞ്ഞ് മടങ്ങി വരുന്നതിനിടെ വാഹനം തടഞ്ഞു നിർത്തി ബിനീഷിനെ കയ്യേറ്റം ചെയ്യുകയായിരുന്നു. പീരുമേട് പോലീസ് ബിനീഷിന്റെ പരാതിയിൽ കേസെടുത്തു. കട്ടപ്പനയിൽ തുറന്നു പ്രവർത്തിച്ച കടകൾ അടപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.
വ്യാപാരി വ്യവസായി ഏകോപന സമിതി ഓണക്കാലത്ത് പ്രഖ്യാപിച്ച ഹർത്താൽ ബഹിഷ്ക്കരിച്ച് കടകൾ തുറക്കുമെന്ന് അറിയിച്ചിരുന്നു. പൂപ്പാറക്ക് സമീപം ബിഎൽ റാവ്, മുരിക്കാശ്ശേരി, തോപ്രാംകുടി,കട്ടപ്പന തുടങ്ങി വിവിധയിടങ്ങളിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു.
1964 ലെയും 1993 ലെയും ഇടുക്കിയിലെ ഭൂമി പതിവ് ചട്ടം ഭേദഗതി ചെയ്യുക, 13 പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിർമ്മാണ നിയന്ത്രണം പിൻവലിക്കുക, പട്ടയ നടപടികൾ പുനരാരംഭിക്കുക, വന്യമൃഗ ശല്യത്തിൽ നിന്നും കർഷകരെ രക്ഷിക്കാൻ നടപടി സ്വീകരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഹർത്താൽ.






