
എടത്വാ: ചുഴലിക്കാറ്റില്‍ മേല്‍ക്കൂര തകര്‍ന്ന വീട്ടില്‍ മൂന്നുമാസമായി രോഗിയായ വീട്ടമ്മ ഉള്‍പ്പെടെ തൊഴിലാളി കുടുംബം കഴിയുന്നു. ദുരന്ത ദിവസം ജനപ്രതിനിധികള്‍ ഓടിയെത്തിയെങ്കിലും പിന്നീടാരും തിരിഞ്ഞുനോക്കിയില്ലന്ന് ഗ്യഹനാഥന്. എടത്വാ പഞ്ചായത്ത് 14-ാം വാര്‍ഡില്‍ പച്ച പുതുവല്‍ കോളനിയില്‍ ബാബു പത്രോസാണ് കഴിഞ്ഞ മൂന്ന് മാസമായി മേല്‍ക്കൂര തകര്‍ന്ന വീട്ടില്‍ അന്തിയുറങ്ങുന്നത്.
കഴിഞ്ഞ മെയ് 23 ഉണ്ടായ ശക്തമായ കാറ്റില്‍ ബാബു താമസിച്ചിരുന്ന വീടിന്റെ മേല്‍ക്കൂര പൂര്‍ണമായി പറന്ന് പോയിരുന്നു. സമീപത്തുള്ള നിരവധി വീടുകളും കാറ്റില്‍ നിലംപൊത്തിയിരുന്നു. കര്‍ഷക തൊഴിലാളിയായ ബാബുവും രോഗിയായ ഭാര്യയും മാത്രമാണ് വീട്ടില്‍ കഴിയുന്നത്.
കുടികിടപ്പില്‍ കഴിയുന്ന ബാബുവിന് സര്‍ക്കാര്‍ നല്കിയ ധനസഹായത്തില്‍ കെട്ടിപ്പൊക്കിയ വീടാണ് ചുഴലി കാറ്റ് കവര്‍ന്നെടുത്തത്. ഭാര്യയ്ക്ക് ചികിത്സാ ചിലവിന് തന്നെ പ്രതിമാസം നല്ലൊരു തുക കണ്ടെത്തണം. കര്‍ഷക തൊഴിലാളിയായ ബാബു ഭാര്യയുടെ ചികിത്സയ്ക്കുള്ള പണവും െദെനംദിന വീട്ടുചിലവും കണ്ടെത്താന്‍ പാടുപെടുമ്പോള്‍ വീട് പുനര്‍നിര്‍മ്മാണം നടത്താന്‍ കഴിയാത്ത അവസ്ഥയാണ്.
പ്രകൃതിദുരന്തത്തെ തുടര്‍ന്ന് കുട്ടനാട് എം.എല്‍.എ, തൃതല പഞ്ചായത്ത് പ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ച് ആനുകൂല്യം ലഭ്യമാക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ പിന്നീടാരും ഈ വഴിയിലേക്ക് തിരിഞ്ഞ് നോക്കിയില്ലന്ന് നാട്ടുകാര്‍ പറയുന്നു.
ബാബുവിന്റെ ദുരിതം കേട്ടറിഞ്ഞ ബി.ജെ.പി. പച്ച 141-ാം നമ്പര്‍ ബൂത്ത് കമ്മറ്റി പ്രവര്‍ത്തകര്‍ ആപ്സറ്റോസ് ഷീറ്റുമായി എത്തിയെങ്കിലും ചുവരുകള്‍ പൊട്ടിപൊളിഞ്ഞ് നില്ക്കുന്നതിനാല് ഷീറ്റ് മേയാന്‍ കഴിയാതെ പിന്തിരിഞ്ഞു. ചുവരുകള്‍ ബലവത്താക്കി ഷീറ്റ് മേഞ്ഞാല്‍ മാത്രമേ വീടിനുള്ളില്‍ കഴിയാന്‍ സാധിക്കൂ.
ഇതിനുള്ള തുക കണ്ടെത്തണമെങ്കില്‍ സര്‍ക്കാരിന്റേയോ നാട്ടുകാരുടേയോ സഹായം ആവശ്യമാണ്. തകര്‍ന്ന വീട്ടില്‍ അന്തിയുറങ്ങുന്ന ബാബുവിന്റെ കുടുംബം മറ്റൊരു പ്രകൃതിക്ഷോഭം നേരിട്ടാല്‍ വന്‍ ദുരന്തത്തില്‍ എത്താന്‍ സാധ്യതയുണ്ട്. സമീപത്തെ മറ്റു വീട്ടുകാരുടേയും അവസ്ഥ വ്യത്യസ്ഥമല്ല. ചിലര്‍ സ്വന്തം ചിലവില്‍ വീട് താല്കാലികമായി നിര്‍മിച്ച് താമസം തുടങ്ങിയിരുന്നു.






