
തിരുവനന്തപുരം: കോണ്‍ഗ്രസും സിപിഎമിനേയും രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം ശോഭ സുരേന്ദ്രന്. കോണ്‍ഗ്രസും സിപിഎമും തമ്മിലുള്ള അന്തര്‍ധാര ഇല്ലായിരുന്നെങ്കില്‍, 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ ഉള്‍പെടെ ഏഴ് എന്‍ഡിഎ പ്രതിനിധികള്‍ നിയമസഭയില്‍ എത്തുമായിരുന്നുവെന്നും ശോഭ പറഞ്ഞു.
ഇരു കൂട്ടരും ഇതുവരെ കേരളത്തില്‍ ഒരുമിച്ചു മത്സരിച്ചിട്ടില്ലെന്നു മാത്രമേയുള്ളൂവെന്നും, അന്തര്‍ധാര സജീവമാണെന്നും എല്ലാ മേഖലകളിലും ഇവര്‍ തമ്മില്‍ സൗഹൃദമുണ്ടെന്നും ശോഭ സുരേന്ദ്രന് ആരോപിച്ചു. 2016ലെ തിരഞ്ഞെടുപ്പില്‍ ഏഴ് എന്‍ഡിഎ നേതാക്കളെ രണ്ടാം സ്ഥാനത്താക്കി പരാജയപ്പെടുത്തിയത് ഇരു കൂട്ടരും തമ്മിലുള്ള ധാരണയുടെ പുറത്താണെന്നും ശോഭ ആരോപിച്ചു.
കോൺഗ്രസിന്റെ നേതാക്കളുടെ പേരുകൾ കരിമണൽ കർത്തയുടെ പുസ്തകത്തിൽ നിന്ന് കിട്ടിയിട്ടുണ്ട്. രാത്രിയിൽ കൊതുകിനെ പറത്താൻ പിണറായി വിജയന്റെ കാലിനടിയിലാണോ വി ഡി സതീശൻ ഉള്ളത്', ശോഭാ സുരേന്ദ്രൻ പരിഹസിച്ചു.
മാസപ്പടി വിഷയത്തിൽ വീണയുടെ കമ്പനിക്കെതിരെ ഇഡിയുടെ അന്വേഷണം നടക്കുന്നുണ്ട്. ഇ പി ജയരാജന്റെ വീടിനകത്തേക്കും അന്വഷണം നടക്കുന്നുണ്ട്. ജയരാജന്റെ മകനെതിരെയും ഡൽഹിയിൽ നിന്ന് അന്വേഷണം വരുന്നുണ്ടെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
ശോഭ സുരേന്ദ്രന്റെ വാക്കുകള്‍:
സിപിഎമിന്റെയും കോണ്‍ഗ്രസിന്റെയും അഖിലേന്‍ഡ്യാ നേതൃത്വങ്ങള്‍ തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ ഈ അന്തര്‍ധാര പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇവിടെ മാത്രം കോണ്‍ഗ്രസും സിപിഎമും ഒന്നായി ചേര്‍ന്ന് ഇതുവരെ മത്സരിച്ചിട്ടില്ല എന്നേയുള്ളൂ. എല്ലാ മേഖലകളിലും ഇവര്‍ തമ്മില്‍ സൗഹൃദമുണ്ട്.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനും അഞ്ച് വര്‍ഷം മുന്‍പ് ഏഴു നിയമസഭാ സീറ്റുകളില്‍ ഞാന്‍ ഉള്‍പെടെയുള്ള ഏഴു പേരെ രണ്ടാം സ്ഥാനത്താക്കി പരാജയപ്പെടുത്തിയത് ഈ അന്തര്‍ധാരയാണ്. അന്ന് ഇരു കൂട്ടരും തമ്മിലുള്ള അന്തര്‍ധാര ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ, കേരള നിയമസഭയ്ക്കുള്ളില്‍ പല കാര്യങ്ങളും ഉന്നയിക്കാന്‍ ഞാന്‍ ഉള്‍പെടെ എന്റെ ഏഴ് സഹപ്രവര്‍ത്തകര്‍ക്ക് പോകാന്‍ സാധിക്കുമായിരുന്നു. കേരളത്തിലെ പാവപ്പെട്ടവരും പാര്ശ്വവല്ക്കരിക്കപ്പെട്ടവരും ഈ അന്തര്‍ധാരയെ പൊളിക്കുന്ന കാലം വരും. ഈ മുഖംമൂടി വച്ചുകൊണ്ട് ഏറെക്കാലം മുന്നോട്ടു പോകാന്‍ ഈ ഭരണ, പ്രതിപക്ഷത്തിനു കഴിയില്ല
രാത്രികാലങ്ങളില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് മുഖ്യമന്ത്രി പിണറായി വിജയന്റെ കാലു പിടിക്കാന്‍ പോകുന്നുവെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണത്തിന് പിണറായി വിജയനെ കൊതുകു കടിക്കുന്നുണ്ടോ എന്നു നോക്കി അതു പെറുക്കിക്കൊടുക്കാന്‍ അദ്ദേഹത്തിന്റെ കാലിനടിയിലാണോ വിഡി സതീശന് ഉറങ്ങാറുള്ളത് എന്നും ശോഭ ചോദിച്ചു.
അങ്ങനെയാണെങ്കില്‍ പിണറായിയുടെ കാലു പിടിക്കാന്‍ സുരേന്ദ്രന് ചെന്നത് സതീശന് കണ്ടിട്ടുണ്ടാകും. ഇവിടെ എന്താണ് നടക്കുന്നത് എന്നത് സതീശന് അറിയില്ല. അദ്ദേഹത്തിന് അറിയാമായിരുന്നെങ്കില്‍ ഈ കാമറ കേസില്‍ കുടുംബക്കാരെ ഒന്നടങ്കം അകത്താക്കാമായിരുന്നല്ലോ. ഈ ഒറ്റക്കാര്യം മതിയായിരുന്നല്ലോ. ചില കേസുകള്‍ വരുമ്പോള്‍ ഇഡി വരണമെന്നും, ചില കേസുകള്‍ അന്വേഷിക്കാന്‍ സിബിഐ വേണമെന്നും ചില കേസുകള്‍ വരുന്ന സമയത്ത് ഇതൊന്നും വേണ്ടെന്നുമാണ് ഇവരുടെ നിലപാട്.
മാസപ്പടി വിവാദത്തില്‍ വലിയ ചോദ്യങ്ങളുടെയൊന്നും ആവശ്യമില്ല. എല്ലാം മനസ്സിലായല്ലോ. വീണ പണം വാങ്ങിയിട്ടുണ്ട്. അച്ഛന് വാങ്ങിയ പണത്തിന്റെ വിവരമുള്ള പേജ് കീറിപ്പോയിട്ടുണ്ട്. എന്താണ് ഇവിടെ നടന്നത് എന്നത് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഇത് കേരളത്തിന്റെ നിയമസഭയില്‍ പ്രതിപക്ഷത്തെക്കൊണ്ട് പറയിക്കാനുള്ള നിലപാട് ഇവിടുത്തെ ജനം എടുക്കുമോ എന്ന് നമുക്കു കാണാം. അതിനൊരു മറുപടി വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പായി വിഡി.സതീശന്റെ പാര്ടിക്കു പറയേണ്ടി വരും.






