
ദില്ലി: ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിംഗിന് തുടക്കമായി. ചരിത്ര നിമിഷങ്ങള്‍ക്ക് മിനിറ്റുകള്‍ മാത്രം ബാക്കി. സോഫ്റ്റ് ലാന്‍ഡിംഗിന് ശേഷം 19 മിനിറ്റ് കൊണ്ട് വിവിധ ഘട്ടങ്ങളിലൂടെയാണ് ലാന്‍ഡിംഗ് പ്രക്രിയ പൂര്‍ത്തിയാക്കുന്നത്. മണിക്കൂറില്‍ ആറായിരത്തിലേറെ കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന പേടകത്തിന്റെ വേഗം കുറച്ച് സെക്കന്‍ഡില്‍ രണ്ട് മീറ്റര്‍ എന്ന അവസ്ഥയിലെത്തിച്ചിട്ട് വേണം ലാന്‍ഡ് ചെയ്യാന്‍. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ മാന്‍സിനസ് സി, സിംപിലിയസ് എന്‍ ഗര്‍ത്തങ്ങളുടെ ഇടയിലാണ് ചന്ദ്രയാന്‍ മൂന്ന് ഇറങ്ങുക. നാല് കിലോമീറ്റര്‍ വീതിയും 2.4 കിലോമീറ്റര്‍ നീളവുമുള്ള പ്രദേശമാണ് ലാന്‍ഡിങ്ങിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററില്‍ നിന്നുള്ള ചിത്രങ്ങള്‍ വച്ചാണ് ലാന്‍ഡിങ്ങ് സ്ഥാനം തിരഞ്ഞെടുത്തിരിക്കുന്നത്.
140 കോടി ജനങ്ങളുടെ പ്രതീക്ഷകളുമായിട്ടാണ് ഇന്ത്യയുടെ ചാന്ദ്രയാന്‍ മൂന്ന് പേടകം ഇന്ന് ചന്ദ്രോപരിതലം തൊട്ടത്. 'വിക്രം' എന്ന ലാന്‍ഡര്‍ മൊഡ്യൂളിനെ ചന്ദ്രോപരിതലത്തിലേക്ക് ഇറക്കുന്ന പ്രവര്‍ത്തനമാണ് 5.44 മുതല്‍ ആരംഭിച്ചത്. ബെംഗളൂരു ഐ.എസ്.ആര്.ഒ. ഇസ്ട്രാക് മിഷന് ഓപ്പറേഷന് കോംപ്ലക്സില്‍നിന്നാണ് ലാന്‍ഡറിന് നിര്‍ദേശങ്ങള്‍ നല്‍കുന്നത്. വൈകിട്ട് 6.04-ന് ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്നത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറാനൊരുങ്ങുമ്പോള്‍ രാജ്യമെങ്ങും ആവേശത്തിര ഉയരുകയാണ്.
ബെംഗളൂരു ഇസ്ട്രാക്കിലെ മിഷന് ഓപ്പറേഷന്‍സ് കോംപ്ലക്സില്‍ നിന്നാണ് നിയന്ത്രണം മുഴുവന്‍ നടത്തുന്നത്. ഐഎസ്ആര്‍ഒയുടെ കൂറ്റന്‍ ആന്റിനകള്‍ക്കൊപ്പം അമേരിക്കയുടെയും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെയും ഡീപ്പ് സ്പേസ് നെറ്റ്വര്ക്കുകള് ചന്ദ്രയാനില്‍ നിന്നുള്ള സിഗ്നലുകള്‍ക്കായി കാതോര്‍ത്തിരിക്കുകയാണ്. ലാന്‍ഡിങ്ങിന് മുന്നോടിയായി പേടകമെടുത്ത കൂടുതല്‍ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടിരുന്നു.






