
കോട്ടയം: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പുതുപ്പള്ളിയില്‍ മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. അഴിമതി ആരോപണങ്ങളില്‍ പെട്ട് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സിപിഎം നേതാക്കളും പൊതുസമൂഹത്തിന് മുന്നില്‍ വിവസ്ത്രരായി നില്‍ക്കുകയാണ്. ഇവര്‍ നടത്തിയ കോടികണക്കിന് രൂപയുടെ അഴിമതിയുടെ വിശദാംശങ്ങളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പ്രതിപക്ഷ നേതൃനിരയിലും മാസപ്പടിയും കള്ളപ്പണ ഇടപാടുകളുമെല്ലാം ഉയര്‍ന്നുവരികയാണ്. മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട മാസപ്പടി വിവാദം പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി ഒരു കടലാസ് കമ്പനിയായിരുന്നുവെന്നത് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. കള്ളപ്പണം വെളുപ്പിക്കാനും അനധികൃതമായി പണം വാങ്ങുന്നതിനുമാണ് മുഖ്യമന്ത്രിയുടെ മകള്‍ വീണ മുഹമ്മദ് റിയാസിന്റെ സ്ഥാപനം ഇവിടെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതെന്ന് കെ.സുരേന്ദ്രന് പുതുപ്പള്ളിയില്‍ ആരോപിച്ചു.
സിഎംആര്‍എല്‍ കമ്പനിയില്‍ ആദായ നികുതി റെയ്ഡ് നടന്നതിനു പിന്നാലെ വീണയുടെ കമ്പനി പൂട്ടുകയുണ്ടായി. സിഎംആര്‍എല്ലില്‍ നിന്ന് മാത്രമല്ല, മറ്റ് നിരവധി സ്ഥാപനങ്ങളില്‍ നിന്ന് വീണ പണം വാങ്ങിയിട്ടുണ്ട്. യതൊരു സേവനവും നല്‍കാതെ വിദ്യാഭ്യാസ കച്ചവടക്കാരില്‍ നിന്നും ചാരിറ്റി തട്ടിപ്പ് നടത്തുന്നവരില്‍ നിന്നുമെല്ലാം വന്‍തോതില്‍ കോടികള്‍ കൈപ്പറ്റി. ആദായ നികുതി വകുപ്പിന് കുറച്ചുപൈസ നികുതിയടച്ച് രക്ഷപ്പെടാമെന്നാണ് അവര്‍ കരുതിയത്. എന്നാല്‍ കാര്യങ്ങള്‍ ഇപ്പോള്‍ കുഴഞ്ഞുമറിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രി ഇതിന് മറുപടി പറഞ്ഞേ മതിയാകൂ. എന്ത് സേവനമാണ് മുഖ്യമന്ത്രിയുടെ മകള്‍ ഈ കമ്പനികള്‍ക്ക് നല്‍കിയത്? എത്ര പ്രതിഫലം അവര്‍ക്ക് ലഭിച്ചു?
വിദ്യാഭ്യാസ കച്ചവടത്തിനെതിരെ ഡിവൈഎഫ്ഐ സമരം ചെയ്ത് വെടിവയ്പുവരെ ഉണ്ടായി. മൂന്ന് പേര് രക്തസാക്ഷികളായി. പുഷ്പന് ഇപ്പോഴും ജീവിക്കുന്ന രക്തസാക്ഷിയായി കഴിയുന്നു. അ്തരം വിദ്യാഭ്യാസ കച്ചവടക്കാര്‍ക്കൊക്കെ എന്തു സേവനമാണ് മുഖ്യമന്ത്രിയുടെ മകള്‍ നല്‍കിയിരിക്കുന്നത്. ഈ കള്ളപ്പണമെല്ലാം എവിടെനിന്ന് വന്നു? നഗ്നമായ അധികാര ദുര്‍വിനിയോഗമാണ് മുഖ്യമന്ത്രി നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പദവി ഉപയോഗിച്ചുകൊണ്ടാണ് വീണയുടെ കമ്പനി അനധികൃതമായി പണം സമാഹരിച്ചിരിക്കുന്നതെന്നും സുരേന്ദ്രന് ആരോപിച്ചു.
കമ്പനിയുടെ അക്കൗണ്ടിലേക്കും സ്വകാര്യ അക്കൗണ്ടിലേക്കും കോടികളാണ് ഒഴുകിയിരിക്കുന്നത്. ഒരു സ്ഥാപനത്തില്‍ നിന്നുമാത്രം 96 കോടി രൂപയുടെ ഇടപാട് മുഖ്യമന്ത്രിയും മകളൂം പ്രതിപക്ഷ നേതാക്കളും നടത്തിയിട്ടുണ്ടെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍.
വലിയ പുരോഗമനം പറയുന്ന ആളാണ് മന്ത്രി മുഹമ്മദ് റിയാസ്. അദ്ദേഹത്തിന്റെ ഭാര്യയുടെ കമ്പനിയാണ് നിരവധി സ്ഥാപനങ്ങളുമായി തൊഴില്‍ കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. ആദായ നികുതി റെയ്ഡിനു ശേഷം എന്തുകൊണ്ടാണ് ആ കമ്പനി അടച്ചുപൂട്ടിയത്. ഇത്രയും വൈദഗ്ധ്യമുള്ള, നിരവധി കമ്പനികള്‍ക്ക് സേവനം ചെയ്തിരുന്ന അവരെ ആരാണ്തൊഴിലെടുക്കാന് സമ്മതിക്കാതിരുന്നത്? റിയാസ് വ്യക്തമാക്കണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു. മുഹമ്മദ് റിയാസിന്റെ മതാചാരം അനുവദിക്കാഞ്ഞിട്ടാണോ കൂടുതല്‍ കള്ളപ്പണ ഇടപാടുകള്‍ പുറത്തുവരുമെന്നതുകൊണ്ടാണോ ആ സ്ഥാപനം അടച്ചുപൂട്ടിയത്.
അധികാര ദുര്‍വിനിയോഗവും പദവിയുടെ ദുര്‍വിനിയോഗവുമാണ് നടന്നിരിക്കുന്നത്. സത്യം ജനങ്ങളോട് തുറന്നുപറഞ്ഞ് മുഖ്യമന്ത്രി രാജിവയ്ക്കുകയാണ് ചെയ്യേണ്ടതെന്നും സുരേന്ദ്രന് പറഞ്ഞു.






