
വാഷിങ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കീഴടങ്ങി. ജോർജിയ ജയിലിൽ കീഴടങ്ങിയ ട്രംപിനെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു. 2020 പൊതുതിരഞ്ഞെടുപ്പിൽ നിയമവിരുദ്ധ പ്രവർത്തനവും കൃത്രിമത്വവും കാണിച്ചതിനെതിരെയാണ് അറസ്റ്റ്. ജോ ബൈഡനെ തോൽപ്പിക്കാൻ നടത്തിയ ശ്രമത്തിന് രണ്ട് വർഷത്തെ അന്വേഷണത്തിനൊടുവിലാണ് ട്രംപിനെതിരെ കുറ്റം ചുമത്തിയത്.
41 കുറ്റങ്ങളാണ് ട്രംപിനെതിരെയും മറ്റു 18 പ്രതികൾക്കെതിരെയുമായി ചുമത്തിയത്. രാജ്യത്തെ കബളിപ്പിക്കൽ, ഔദ്യോഗിക നടപടികൾ തടസ്സപ്പെടുത്തൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയത്. വിവിധ അധികാര പരിധികളിലായാണ് ട്രംപിന് കേസുകളുള്ളത്.
2018 ഓഗസ്റ്റിലാണ് മാന്‍ഹട്ടന്‍ കോടതി തെരഞ്ഞെടുപ്പ് പ്രചാരണ ഫണ്ടുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളുടെ പേരില്‍ ട്രംപിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയത്. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രസിഡന്റ് ക്രിമിനല്‍ കേസില്‍ വിചാരണ നേരിടുന്നത്. നേരത്തെ ജനപ്രതിനിധി സഭയില്‍ രണ്ട് തവണ ഇംപീച്ച്മെന്റ് നടപടി നേരിട്ട ട്രംപിനെ രക്ഷിച്ചത് സെനറ്റായിരുന്നു.
ന്യൂയോർക്ക്, സൗത്ത് ഫ്ലോറിഡ എന്നിവിടങ്ങളിൽ ട്രംപ് നിലവിൽ വിചാരണ നേരിടുന്നുണ്ട്. 2016ല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പോൺ ചലചിത്ര താരം സ്റ്റോമി ഡാനിയല്‍സുമായുള്ള ബന്ധം ഒതുക്കി തീര്‍ക്കാന്‍ 13000 ഡോളര്‍ നല്‍കിയെന്നതടക്കം മുപ്പതിലേറെ കേസുകളാണ് ട്രംപിനെതിരെയുള്ളത്. അടുത്ത പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള ട്രംപിന്റെ മോഹങ്ങൾക്ക് ഇത് തിരിച്ചടിയായേക്കാം.






