
മലയാളികള്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പദവി നല്കി ഏറെ സ്നേഹത്തോടെ സ്വീകരിക്കുന്ന താരമാണ് മഞ്ജുവാര്യര്‍. നീണ്ട ഇടവേളയ്ക്കു ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ താരത്തിനെ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. തിരിച്ചു വരവില്‍ മലയാളത്തില്‍ മാത്രമല്ല തമിഴിലും തന്റെ അഭിനയപാടവം തെളിയിക്കാന്‍ താരത്തിന് കഴിഞ്ഞു. കൈ നിറയെ ചിത്രങ്ങളും പല ബ്രാന്‍ഡുകളുടെയും അംബാസിഡറായും തിളങ്ങുകയാണ് താരമിപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എല്ലാ പുതിയ ഫോട്ടോഷൂട്ടുകളും വിശേഷങ്ങളും അതിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ ഓണത്തെ വരവേല്‍ക്കാനൊരുങ്ങുന്ന താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാകുന്നത്. സമീറ സനീഷ് ഡിസൈന്‍ ചെയ്ത എംബ്രോയ്ഡറി വര്‍ക്കുകള്‍ ചെയ്ത പാവാടയും ബ്ലൗസും ഷോളുമണിഞ്ഞ താരത്തിന്റെ പുതിയ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഫോട്ടോഷൂട്ട് ചെയ്യുന്നതിനിടയില്‍ കാറ്റു വീശുകയും ഷോള് പറക്കാനൊരുങ്ങുകയും ചെയ്യുന്നതാണ് വീഡിയോ. ‘ഓണപ്പാട്ടില്‍ താളം തുള്ളും തുമ്പപ്പൂവേ’ എന്ന പാട്ടിന്റെ ഹമ്മിംഗ് ബാക്ക്ഗ്രൗണ്ടായി നല്‍കിയാണ് താരം ഈ വീഡിയോ പങ്കിട്ടിരിക്കുന്നത്. കണ്ടാല്‍ ഒരു കോളജ് കുമാരിയെപ്പോലെയുണ്ടല്ലോ, ഏത് കോളേജിലാ, Mid 90s കാര്‍ ജനിച്ച കാലത്ത് സിനിമയിൽ വന്നയാളാ.. ഇതിപ്പോ കണ്ടാൽ ഞങ്ങൾക്കാ പ്രായം കൂടുതൽ...’ എന്നതടക്കമാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍.






