
തിരുവനന്തപുരം: സംസ്ഥാനത്തെ മഞ്ഞ കാര്‍ഡുകാര്‍ക്കായി നല്കുന്ന ഓണക്കിറ്റിന്റെ വിതരണം നാളെയും മറ്റന്നാളുമായി പൂർത്തിയാക്കും. വിതരണം ചെയ്യാനുള്ള മൂന്ന് ലക്ഷത്തോളം കിറ്റുകളുടെ പാക്കിങ് പൂർത്തിയായതായി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. എല്ലാ കടകളിലും നാളെയോടെ കിറ്റ് എത്തിക്കാനും കർശന നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തില്‍ വിതരണം വേഗത്തിലാക്കുമെന്ന് സപ്ലൈക്കോ അറിയിച്ചു.
പൂർത്തിയായ കിറ്റുകൾ ഇന്ന് തന്നെ റേഷൻ കടകളിൽ എത്തിക്കാനും നടപടിയെടുത്തിട്ടുണ്ട്. ഇന്നലെ മുതൽ ഓരോ ജില്ലകളിലേയും കിറ്റ് വിതരണത്തിന്റെ പുരോഗതി അറിയിക്കാൻ ഭക്ഷ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. കിറ്റ് നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും തിരുവനന്തപുരം, കോട്ടയം, പാലക്കാട്, മലപ്പുറം, ജില്ലകളില്‍ മാത്രമാണ് ഭാഗികമായെങ്കിലും കിറ്റ് വിതരണം ചെയ്യാൻ കഴിഞ്ഞത്.
കിറ്റിലെ മിൽമയുടെ പായസക്കൂട്ട് സമയത്തിന് എത്തിയിരുന്നില്ല എന്നതാണ് കിറ്റ് വിതരണം വൈകിയതിന് അധികൃതര്‍ പറയുന്ന ന്യായീകരണം. ഇത്തവണ സംസ്ഥാനത്തെ 5.84 ലക്ഷം മഞ്ഞക്കാര്‍ഡ് ഉടമകൾക്ക് മാത്രമാണ് ഓണക്കിറ്റ് കിട്ടുക. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കിറ്റ് വിതരണം ഇത്തവണ സര്‍ക്കാര്‍ പരിമിതപ്പെടുത്തിയിരുന്നു. 32 കോടി രൂപ സപ്ലെയ്കോക്ക് മുൻകൂറായി നൽകിയാണ് കിറ്റ് നല്‍കുന്നത്.
തുണിസഞ്ചിയില്‍ തേയിലയും വെളിച്ചെണ്ണയും പായസക്കൂട്ടും മുതൽ പൊടിയുപ്പും വരെ 13 ഇനങ്ങളാണ് ഓണക്കിറ്റിലുള്ളത്. അനാഥാലയങ്ങളിലും അഗതി മന്ദിരങ്ങളിലും കഴിയുന്ന 20000 പേര്‍ക്കും കൂടി ഓണക്കിറ്റുണ്ടാകും. 93 ലക്ഷം കാര്‍ഡ് ഉടമകളിൽ 87 ലക്ഷം കാര്‍ഡുടമകൾക്ക് കഴിഞ്ഞ വര്‍ഷം കിറ്റ് നൽകിയിരുന്നു. ഓണം ആഘോഷിക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ കിറ്റ് വൈകുന്നതില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.






