
തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരേ അടക്കം സര്‍ക്കാര്‍ നടപടികള്‍ പാളുന്നതില്‍ ഭരണതലത്തില്‍ അസ്വസ്ഥത. മാസപ്പടി വിവാദത്തില്ത്തുടങ്ങി ഒടുവില്‍ ഓണക്കിറ്റ് വിതരണം െവെകുന്നതിലെത്തി നില്ക്കുന്നു തിരിച്ചടികളുടെ ഘോഷയാത്ര. എടുത്തുചാടിയുള്ള പോലീസ് നീക്കങ്ങളില്‍ വെട്ടിലായതും സര്‍ക്കാര്‍.
ഓണക്കാലത്തെ കടുത്ത ധനപ്രതിസന്ധി മറികടക്കാനുള്ള ഭഗീരഥപ്രയത്നത്തിനിടെ കൂനിന്മേല് കുരുവാകുകയാണ് അനാവശ്യവിവാദങ്ങള്‍. മുഖ്യമന്ത്രിയെയും കുടുംബത്തെയും കടന്നാക്രമിച്ച മാത്യു കുഴല്നാടന് എം.എല്‍.എയെ പ്രതിരോധിക്കാന്‍ നടത്തിയ നീക്കങ്ങള്‍ ഭരണപക്ഷത്തിനു ബൂമറാങ്ങായി. കുഴല്‍നാടനെ നിഷ്പ്രഭനാക്കാനുള്ള ചെയ്തികള്‍ സര്‍ക്കാരിന്റെ പ്രതികാരമനോഭാവമായി വിലയിരുത്തപ്പെട്ടു.
സാമൂഹികമാധ്യമങ്ങളിലൂടെ കുഴല്‍നാടന്റെ ഭാര്യയെ അപമാനിച്ചത് വരുംദിവസങ്ങളില്‍ നിയമനടപടി ക്ഷണിച്ചുവരുത്തുമെന്ന ഭീതിയുമുണ്ട്. അതിനിടയിലാണ് കണ്ണില്‍ കടന്നല് കുത്തിയതിനു സമാനമായി ശാന്തന്‍പാറയിലെ സി.പി.എം. ഓഫീസ് നിര്‍മാണത്തിന് രൂക്ഷവിമര്‍ശനം നടത്തി െഹെക്കോടതി പൂട്ടിട്ടത്.
മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന് സ്കറിയയുടെ കേസുകള്‍ കൈകാര്യം ചെയ്തതിലെ പോലീസ്വീഴ്ചകള് മറ്റൊരു ഇരുട്ടടിയായി. ദരിദ്ര കുടുംബങ്ങള്‍ക്കു മാത്രമായി നീക്കിവച്ച ഓണക്കിറ്റ് വിതരണം പൂരാടദിനത്തിലും പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നത് സര്‍ക്കാരിനെ ഓണക്കാലത്ത് നാണക്കേടിന്റെ പാതാളത്തിലേക്കു തള്ളിയിട്ടു.
നിയമസഭയില്‍ മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരേ മാത്യു കുഴല്നാടന് ആഞ്ഞടിച്ചതോടെ വിജിലന്സിനെയടക്കം ഉപയോഗിച്ച് സര്‍ക്കാര്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചു. കുഴല്‍നാടന്റെ ബാങ്ക് അക്കൗണ്ടും മറ്റും പരിശോധിച്ചെങ്കിലും ഒന്നും കിട്ടിയില്ല. പിന്നാലെ നിലംനികത്ത് ആരോപണമുയര്‍ത്തി നടത്തിയ പരിശോധനകള്‍ പ്രതികാര നടപടിയെന്ന് പ്രത്യക്ഷത്തില്‍ തോന്നിപ്പിക്കുകയും ചെയ്തു.
കുഴല്നാടന് നിയമവിരുദ്ധമാര്‍ഗങ്ങള്‍ അവലംബിച്ചിട്ടുണ്ടെങ്കില്‍ മുമ്പേ സര്‍ക്കാരിനു നടപടി സ്വീകരിക്കാമായിരുന്നു. മുഖ്യമന്ത്രിയെയും കുടുംബത്തെയും സംശയനിഴലില്‍ നിര്‍ത്തിയതിനുപിന്നാലെ കുഴല്‍നാടനെ പൊതുസമൂഹത്തില്‍ അഴിമതിക്കാരനെന്നു ചിത്രീകരിക്കാനുള്ള നീക്കങ്ങളായി ഇതു വ്യാഖ്യാനിക്കപ്പെട്ടു.
ചിന്നക്കനാലിലെ റിസോര്‍ട്ട് വിഷയത്തിലടക്കം ആരോപണങ്ങള്‍ ഉന്നയിച്ചത് നിയമസഭയിലെ കുഴല്‍നാടന്റെ പ്രസംഗത്തിന് ശേഷമായിരുന്നുതാനും. ഇതെല്ലാം സര്‍ക്കാരിന് ഉണ്ടായ വീഴ്ചയാണെന്ന വിലയിരുത്തല്‍ പാര്‍ട്ടിയില്‍ സജീവമാണ്. ഹൈക്കോടതി നിര്‍ദേശ പ്രകാരം നിലമ്പൂര്‍ എസ്.എച്ച്.ഒയ്ക്കു മുന്നില്‍ ഹാജരാകാന്‍ എത്തിയ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന് സ്കറിയയെ നാടകീയമായി അറസ്റ്റ് ചെയ്യാനുള്ള നീക്കവും തിരിച്ചടിച്ചു. എറണാകുളത്തു നിന്ന് പ്രത്യേക പോലീസ് സംഘത്തെ നിലമ്പൂരിലേക്ക് അയച്ച് ഷാജനെ പിടികൂടിയതിലെ പാളിച്ച നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയെങ്കിലും പോലീസ് ഉന്നതര്‍ വകവച്ചില്ല.
ഹൈക്കോടതിയുടെ സംരക്ഷണത്തില്‍ എത്തിയ വ്യക്തിയെ അറസ്റ്റ് ചെയ്യുന്നത് കോടതിയെ പ്രകോപിപ്പിക്കുമെന്നു പോലും ചിന്തിക്കാതെ എടുത്തു ചാടിയുള്ള തീരുമാനമായി അത്. ഒടുവില്‍ നിയമവിദഗ്ധര്‍ തന്നെ പാളിച്ച ചൂണ്ടിക്കാട്ടി. പോലീസ് നടപടി ക്രമങ്ങളിലെ വീഴ്ചകള്‍ അവര്‍ ബന്ധപ്പെട്ടവരെ അറിയിച്ചു. ഷാജന് സ്കറിയെ ചോദ്യം ചെയ്ത് രാത്രി വരെ സ്റ്റേഷനില്‍ ഇരുത്താനായിരുന്നു ആദ്യശ്രമം. പിന്നീട് തീരുമാനം മാറ്റിയെങ്കിലും ഷാജനു ജാമ്യം അനുവദിച്ച് കോടതി നടത്തിയ നിരീക്ഷണങ്ങള്‍ സര്‍ക്കാരിനു വമ്പന്‍ തിരിച്ചടിയായി.
ശാന്തന്‍പാറയിലെ സി.പി.എം. ഓഫീസ് നിര്‍മാണമാണ് സര്‍ക്കാരിന് ഓണക്കാലത്ത് മറ്റൊരു തലവേദനയായത്. സ്റ്റോപ്പ് മെമ്മോ മാത്രമല്ല, കോടതി ഉത്തരവും അവഗണിച്ച് രാത്രിയിലും പണി തുടര്‍ന്നു. ഒടുവില്‍ കോടതി കോപിച്ചു. സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി കോടതിയലക്ഷ്യ നടപടികളുടെ നൂലാമാലകളില്‍ കുടുങ്ങിയെന്നതായിരുന്നു അനന്തരഫലം. നിര്‍മാണം നിര്‍ത്തണമെന്ന കോടതി ഉത്തരവിനെ മാനിക്കേണ്ടത് ഭരണം നയിക്കുന്ന പാര്‍ട്ടിയുടെ ഉത്തരവാദിത്വമാണ്. അതാണ് ലംഘിക്കപ്പെട്ടത്.
കോടതി പറഞ്ഞാല്‍ പോലും കേള്‍ക്കാത്ത തരത്തിലേക്കു സി.പി.എം. മാറിയെന്ന പൊതുവികാരമാണ് ഈ കേസുണ്ടാക്കിയത്. ഓണക്കിറ്റ് വിതരണത്തില്‍ പിഴവുണ്ടാകില്ലെന്നായിരുന്നു സെക്രട്ടേറിയറ്റിലെ ഓണാഘോഷത്തില്‍ മുഖ്യമന്ത്രിയുടെ വാക്ക്. എന്നാല്‍ വിതരണത്തിലെ പാളിച്ചകള്‍ ഭക്ഷ്യവകുപ്പ് തന്നെ പരസ്യമായി സമ്മതിച്ചതോടെ മുഖ്യമന്ത്രിക്കു പറഞ്ഞ വാക്ക് വിഴുങ്ങേണ്ടിവന്നതും നാണക്കേടായി.
തിരുവനന്തപുരം പേട്ട സ്റ്റേഷനിലെ പോലീസുകാരുടെ സ്ഥലംമാറ്റവും ഇരുട്ടിവെളുത്തപ്പോള്‍ ഉത്തരവു പിന്‍വലിച്ചതും പൊതുജനമധ്യത്തില്‍ സര്‍ക്കാരിന്റെ മുഖം വികൃതമാക്കിയ സംഭവമായിരുന്നു.
സി.പി.എമ്മിന്റേയും ഡി.വൈ.എഫ്.ഐയുടേയും സമ്മര്‍ദത്തിന് ആഭ്യന്തരവകുപ്പ് വഴങ്ങിയെന്ന വിലയിരുത്തലാണ് സ്ഥലംമാറ്റ ഉത്തരവ് വഴിവച്ചത്. സേനയിലും ഇത് അതൃപ്തിക്കു കാരണമായി. ഒടുവില്‍ തീരുമാനം തിരുത്താന്‍ തയാറായെങ്കിലും പോലീസിലെ ചില ഉന്നതരുടെ എടുത്തുചാട്ടം സര്‍ക്കാരിന്റെ പ്രതിഛായയ്ക്കുതന്നെ കളങ്കമായെന്ന അഭിപ്രായമാണ് ഭരണപക്ഷത്തുനിന്ന് ഉയരുന്നത്.






