
കൊല്‍ക്കത്ത: ബംഗാളില്‍ നിന്നും ഇടതുപക്ഷത്തെ നീക്കം ചെയ്യാന്‍ കഴിയുമെങ്കില്‍ കേന്ദ്രത്തില്‍ നിന്നും ബിജെപിയെ മാറ്റാനും തങ്ങള്‍ക്ക് കഴിയുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാബാനര്‍ജി. ബിജെപിയെ മൂന്നാം തവണയും തെരഞ്ഞെടുത്താല്‍ രാജ്യം സ്വേച്ഛാധിപത്യ ഭരണത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്നും പറഞ്ഞു.
2023ലെ തൃണമൂല്‍ ഛത്ര പരിഷത്ത് (ടിഎംസിപി) സ്ഥാപക ദിന റാലിയെ അഭിസംബോധന ചെയ്യവേയാണ് മമതയുടെ പരാമര്‍ശം. ബംഗാളില്‍ നിന്നും ഇടതുപക്ഷത്തെ ഇറക്കുമെന്ന് ഞങ്ങള്‍ പറഞ്ഞപ്പോള്‍ ആരും അംഗീകരിച്ചില്ല. ഞങ്ങള്‍ക്ക് അത് ചെയ്യാന്‍ കഴിയില്ലെന്നാണ് അവര്‍ കരുതിയത്. എന്നാല്‍ ഞങ്ങള്‍ അവരെ നീക്കി. ഇനി ബിജെപിയെ കേന്ദ്രത്തില്‍ നിന്നും മാറ്റണമെന്ന് ഞങ്ങള്‍ വിചാരിച്ചാല്‍ അതും ചെയ്യാനാകുമെന്നും മമതാബാനര്‍ജി പറഞ്ഞു. ബിജെപിയെ ഇനിയും ഒരിക്കല്‍ കൂടി തെരഞ്ഞെടുത്താല്‍ രാജ്യം സ്വോച്ഛാധിപത്യത്തിലേക്ക് പോകും.
ബി.ജെ.പി വീണ്ടും വന്നാല്‍ അവര്‍ ഭരണഘടന തന്നെ മാറ്റും. ഇന്ന് ബി.ജെ.പിക്ക് മാത്രമാണ് സ്വാതന്ത്ര്യം. മറ്റാര്‍ക്കും ഇന്ത്യയില്‍ സംസാരിക്കാന്‍ സ്വാതന്ത്ര്യമില്ലെന്നും പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് ബിജെപി ഈ ഡിസംബറില്‍ തന്നെ നടത്താന്‍ സാധ്യത ഉണ്ടെന്ന് മമത ബാനര്‍ജി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനം സംബന്ധിച്ച പുതിയ ബില്‍ പരാമര്‍ശിച്ചാണ് മമതയുടെ പ്രതികരണം.






