
വിദ്യാർത്ഥികളോട് അപമര്യാദയായി പെരുമാറിയതിന് ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്തു. പോലീസ് പ്രിൻസിപ്പൽ രാജീവ് പാണ്ഡെയെയാണ് അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥികളെ ഇയാൾ പല കാരങ്ങൾ പറഞ്ഞ് മുറിയിലേക്ക് വിളിച്ച് വരുത്തുകയും തെറ്റായ രീതിയിൽ സ്പർശിക്കുകയുമായിരുന്നുവെന്നാണ് പരാതി. 12 വയസിനും 15 വയസിനും ഇടയിലുള്ള കുട്ടികളാണ് പരാതി നല്‍കിയത്. ആദ്യം പരാതിപ്പെടാൻ കുട്ടികള്‍ ഭയന്നെങ്കിലും വിദ്യാർത്ഥികൾ പിന്നീട് രക്ഷിതാക്കളോട് ഇക്കാര്യം തുറന്നുപറയുകയായിരുന്നു.
പ്രിൻസിപ്പലിനെതിരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വിദ്യാർത്ഥികൾ കത്തെഴുതി. പ്രിൻസിപ്പലിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സ്വന്തം രക്തത്തിലാണ് വിദ്യാർത്ഥികൾ കത്തെഴുതിയത്. രക്ഷിതാക്കൾ പ്രിൻസിപ്പലിനോട് സംസാരിക്കാൻ സ്കൂളിൽ ചെന്നപ്പോൾ കുട്ടികളെയും രക്ഷിതാക്കളെയും അപമാനിക്കുന്ന തരത്തിലാണ് സംസാരിച്ചതെന്ന് കത്തിൽ പറയുന്നു. ഇതോടെ രക്ഷിതാക്കൾ പ്രിൻസിപ്പലിനെ മർദ്ദിച്ചു. ഇതോടെ കുട്ടികളുടെ രക്ഷിതാക്കൾക്കെതിരെ പ്രിൻസിപ്പൽ പോലീസിൽ എതിർ പരാതി നൽകി. ഇരു വിഭാഗങ്ങൾക്കുമെതിരെ പോലീസ് കേസെടുത്തു. എന്നാൽ മുഖ്യമന്ത്രിക്കയച്ച പരാതിയിൽ പോലീസ് രക്ഷിതാക്കളെയും കുട്ടികളെയും ഭീഷണിപ്പെടുത്തിയെന്നും പിടിച്ചുവെച്ചുവെന്നും പറയുന്നു.
മുഖ്യമന്ത്രിയെ കാണാൻ അനുമതി നൽകണമെന്നും പ്രിൻസിപ്പലിനെതിരെ നടപടിയെടുക്കണമെന്നുമാണ് ആവശ്യം. 'ഞങ്ങളെല്ലാവരും അങ്ങയുടെ പെൺമക്കളാണ്' - കത്തിൽ കുട്ടികൾ രക്തംകൊണ്ടെഴുതി. പോലീസ് സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് വ്യക്തമാക്കി.






