ലക്നൗ: 2024 ലെ പൊതുതിരഞ്ഞെടുപ്പില്‍ ഒരു മുന്നണിക്കൊപ്പവുമില്ലെന്ന് ബഹുജന്‍ സമാജ്വാദി പാര്‍ട്ടി (ബിഎസ്പി) നേതാവ് മായാവതി. 2017ലെ പോലെ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കും. നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലും ഒറ്റയ്ക്കായിരിക്കും മത്സരം. സമൂഹത്തിലെ തിരസ്കരിക്കപ്പെട്ട, ചിതറിക്കപ്പെട്ട കോടികണക്കിന് വരുന്ന ജനത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും. എതിരാളികള്‍ ഉയര്‍ത്തുന്ന അസ്വസ്ഥതകള്‍ക്കു പകരം പരസ്പര സാഹോദര്യമാണ് അതിന്റെ അടിസ്ഥാനമെന്നും മായാവതി പറഞ്ഞു.
മായാവതി പ്രതിപക്ഷ ഐക്യനിരയായ 'ഇന്ത്യ' മുന്നണിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ അവര്‍ തള്ളിക്കളഞ്ഞൂ. ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് മാധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഇന്ത്യ, എന്‍ഡിഎ മുന്നണികള്‍ പാവങ്ങള്ക്കെതിരാണ്. ആ മുന്നണിയിലുള്ളവര്‍ ജാതീയതയും വര്‍ഗീയതയും മുതലാളിത്ത മനോഭാവവും വച്ചുപുലര്‍ത്തുന്നവരാണ്. ഇത്തരക്കാര്‍ക്കെതിരെ നിരന്തരം പോരാട്ടം നടത്തുന്നരാണ് ബിഎസ്പി. മുന്നണി ബന്ധത്തില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യം ഉദിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.
രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന സംസ്ഥാനങ്ങളിലാണ് ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. 2018ലെ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ ആറ് സീറ്റുകള്‍ ബിഎസ്പി നേടിയിരുന്നു. നാല് ശതമാനം വോട്ടും നേടി. മധ്യപ്രദേശില്‍ 5.01 ശതമാനം വോട്ടു നേടിയ കക്ഷി രണ്ട് സീറ്റുകളില്‍ വിജയിച്ചിരുന്നു. ഛത്തീസ്ഗഢില്‍ 3.87 ശതമാനം വോട്ടും രണ്ട് സീറ്റുകളില്‍ വിജയിക്കുകയും ചെയ്തിരുന്നു.




