
പാലക്കാട്: കുളിക്കാനിറങ്ങിയ മൂന്നു സഹോദരിമാര്‍ കുളത്തില്‍ മുങ്ങി മരിച്ചു. മണ്ണാര്‍ക്കാട് കോട്ടോപ്പാടം ഭീമനാട് അക്കര വീട്ടില്‍ റഷീദിന്റെ മക്കളായ നഷീദ അസ്ന (26), റമീഷ ഷഹനാസ് (23), റിഷാന അല്‍താജ് (18) എന്നിവരാണു മരിച്ചത്. ഇന്നലെ ഉച്ചക്ക് ഒന്നരയോടെ പത്തങ്ങത്തുള്ള ഒരേക്കറോളം വിസ്തൃതിയുള്ള പെരുങ്കുളത്തിലായിരുന്നു അപകടം.
കുളിക്കുന്നതിനിടെ ഒരാള്‍ വെള്ളത്തില്‍ മുങ്ങി താഴ്ന്നു. രക്ഷിക്കാനായി മറ്റ് രണ്ട് സഹോദരിമാരും വെള്ളത്തിലേക്ക് ചാടുകയായിരുന്നു. ഇതോടെ മൂന്ന് പേരും കുളത്തില്‍ അകപ്പെടുകയായിരുന്നു. വിവരമറിഞ്ഞു പിതാവ് ഓടിയെത്തിയെങ്കിലും മക്കള്‍ മുങ്ങിത്താഴുന്നതാണ് അദ്ദേഹം കണ്ടത്. സമീപവാസികള്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
നഷീദയും റമീഷയും ഭര്‍തൃവീട്ടില്‍നിന്നും കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലേക്ക് വിരുന്നെത്തിയതായിരുന്നു. തച്ചനാട്ടുകര പാലോട് തോട്ടുങ്ങല്‍ വീട്ടില്‍ മുഹമ്മദ് ഷാഫിയാണു നഷീദയുടെ ഭര്‍ത്താവ്. പുറ്റാണിക്കാട് കുന്നത്ത് വീട്ടില്‍ റഹ്മാനാണ് റമീസയുടെ ഭര്‍ത്താവ്. റിഷാന ബിരുദ വിദ്യാര്‍ഥിയാണ്.
മാതാവ്: അസ്മ, സഹോദരങ്ങള്‍: റഫീഖ അല്‍മാസ്, ഷമ്മാസ് ആഷിഖ്. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്നു ഖബറടക്കും.






