
ബെംഗലുരൂ : കര്‍ണാടക മന്ത്രിമാര്‍ക്ക് പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനം . 33 ടൊയോട്ടെ ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് എസ് യുവികളാണ് വാങ്ങുന്നത് . 33 മന്ത്രിമാര്‍ക്കും പുതിയ കാര്‍ വാങ്ങും . ഇതിനു വേണ്ടി 9 .9 കോടി രൂപ വകയിരുത്തി .
ടെൻഡറില്ലാതെ, കർണാടക ട്രാൻസ്പരൻസി ഇൻ പബ്ലിക് പ്രൊക്യുർമെന്റ് (കെടിപിപി) ആക്ട് പ്രകാരം നേരിട്ടാണ് കാറുകൾ വാങ്ങുന്നത്. അതേസമയം, മുഴുവൻ മന്ത്രിമാർക്കും പുതിയ കാർ വാങ്ങുന്നതിനെതിരെ വിമർശനമുയർന്നിട്ടുണ്ട്. ഇന്നോവ ഹൈക്രോസ് ടോപ്പ് ട്രിമ്മിന്റെ ഓൺറോഡ് വില ഏകദേശം 39 ലക്ഷം രൂപയോളം വരും. എസ്യുവികൾ വാങ്ങാനുള്ള സർക്കാർ തീരുമാനത്തെ ന്യായീകരിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ രംഗത്തെത്തി.
കാറുകൾ വാങ്ങുന്നതിൽ എന്താണ് കുഴപ്പമെന്ന് ശിവകുമാർ ചോദിച്ചു. മന്ത്രിമാർക്ക് ദീർഘദൂരം സഞ്ചരിക്കേണ്ടതിനാൽ അവരുടെ സുരക്ഷ പ്രധാനമാണ്. കർണാടകയിൽ മന്ത്രിമാർക്ക് ചാർട്ടേഡ് ഫ്ലൈറ്റുകളും ഹെലികോപ്റ്ററുകളും ഇല്ല.
ഞാൻ ഒരു സാധാരണ യാത്രാവിമാനത്തിലാണ് വന്നിറങ്ങിയതെന്നും ശിവകുമാർ പറഞ്ഞു. ഗൃഹ ലക്ഷ്മി പദ്ധതി ആരംഭിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് മന്ത്രിമാർക്ക് കാർ വാങ്ങാൻ അനുമതി നൽകിയത്. വികസന പ്രവർത്തനങ്ങൾക്ക പണമില്ലാതെ കാർ വാങ്ങുന്നതിനെയാണ് വിമർശിക്കുന്നതെന്ന് ബിജെപി പറഞ്ഞു.






