
സിനിമ എനിക്ക് അറേഞ്ച്ഡ് മാര്യേജ് പോലെയാണ്. ആദ്യം വിവാഹം ചെയ്തു പിന്നീടാണ് പ്രണയം തോന്നിയത് നടി റാണിമുഖര്‍ജി പറയുന്നു. അമ്മയാണ് സിനിമയില്‍ അഭിനയിക്കണമെന്ന് പറഞ്ഞത്. എന്നാല്‍ അന്ന് സിനിമയില്‍ അഭിനയിക്കാന്‍ ഒട്ടും താല്പര്യമില്ലായിരുന്നുവെന്നും മറ്റു വഴിയില്ലാതെയാണ് സിനിമ തിരഞ്ഞെടുത്തതെന്നും താരം ഒരു അഭിമുഖത്തില്‍ പറഞ്ഞു.
സുന്ദരി ആയതുകൊണ്ടല്ല അമ്മ തന്നെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ വിട്ടത്. വീട്ടിലെ അവസ്ഥ അത്രയും മോശമായിരുന്നു. കുടുംബത്തിന് വേണ്ടി എനിക്ക് സമ്പാദിക്കാന്‍ കഴിയുമെന്ന് അമ്മയ്ക്ക് അന്ന് തോന്നിയിട്ടുണ്ടാകാം. അന്ന് അമ്മയുടെ ഒരു സഹോദരി സിനിമയില്‍ അഭിനയിക്കുകയായിരുന്നു. സ്വാഭാവികമായും എന്നെ അഭിനയിപ്പിക്കുന്നതില്‍ മോശമൊന്നും തോന്നിയിരുന്നില്ല. അന്നത്തെക്കാളും പ്രായവും വിവേകവും ഇപ്പോഴെനിക്കുണ്ട്. തിരിഞ്ഞു നോക്കുമ്പോള്‍ അമ്മയുടെ അന്നത്തെ അവസ്ഥ എനിക്കു മനസ്സിലാകും. കാരണം അത്ര ബുദ്ധിമുട്ടിലാണ് കുടുംബം മുന്നോട്ട് പോയത്-റാണി പറഞ്ഞു.
ആദ്യത്തെ സിനിമയില്‍ അഭിനയിച്ചു നോക്കു നിനക്ക് ഇഷ്ടമായില്ലെങ്കില്‍ പഴയ ജീവിതത്തിലേക്ക് തിരിച്ചു പോകാമല്ലോ എന്ന് അമ്മ പറഞ്ഞു. അമ്മ വളരെ കുളായാണ് അത് പറഞ്ഞത്. പക്ഷേ ഞാന്‍ സിനിമയില്‍ തുടര്‍ന്ന് അഭിനയിക്കുന്നില്ലെന്ന് പറഞ്ഞിരുന്നെങ്കില്‍ അമ്മ തകര്‍ന്നു പോയേനെ. പിന്നെ ക്യാമറയ്ക്കു മുന്നില്‍ എത്തുക എന്നത് വിധി കൂടിയാണ്- താരം കൂട്ടിച്ചേര്‍ത്തു.
അന്ന് അഭിനയിച്ചിരുന്ന പലര്‍ക്കും ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ഞങ്ങള്‍ക്ക് അഭിനയിക്കു എന്നല്ലാതെ മറ്റൊരു വഴിയും ഇല്ലായിരുന്നു. അത്രത്തോളം ബുദ്ധിമുട്ടിയാണ് അഭിനയിച്ചിരുന്നത്. കാരണം ഈ അവസരം പോയാല്‍ മറ്റൊന്നില്ലായിരുന്നു. ഇപ്പോള്‍ ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം സന്തോഷമായി ജീവിക്കുകയാണ്. ഒരു അഭിനേത്രി മാത്രമല്ല ഒരു ഹൗസ്വൈഫ് കൂടിയാണിപ്പോള്‍ ഞാന്‍. നാല്പതുകളില് എത്തിയപ്പോള്‍ ഒരു സ്ത്രീ എന്ന നിലയില്‍ ഒരുപാട് മാറ്റം എന്നില്‍ വന്നു. ഹോര്‍മോണുകളും മാറി. വീട്ടിലിരിക്കാനാണ് ഇപ്പോള്‍ ഇഷ്ടമെന്നും റാണി മുഖര്‍ജി പറഞ്ഞു.






