
ചെന്നൈ: ഉദയാനിധി സ്റ്റാലിന്റെ സനാതന ധര്‍മ്മ പ്രസ്താവന വന്‍ വിവാദമാകുന്നു. പ്രസ്താവനയെ രാഷ്ട്രീയ ആയുധമാക്കുകയാണ് ബിജെപി. മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി തമിഴ്നാട് സെക്രട്ടറി ഗവര്‍ണര്‍ക്ക് കത്തു നല്കി.
കഴിഞ്ഞ ദിവസം സുപ്രീംകോടതി അഭിഭാഷകനും ഉദയനിധി സ്റ്റാലിനെതിരേ ഡല്‍ഹി പോലീസില്‍ പരാതി നല്‍കിയരുന്നു. തമിഴ്നാട് സര്‍ക്കാരിലെ കായികമന്ത്രിയായ സ്റ്റാലിന്റെ പ്രസ്താവന പ്രകോപനപരവും വിദ്വേഷം ഉണ്ടാക്കുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതുമാണെന്ന് കാണിച്ച് വിനീത് ജിന്‍ഡാല്‍ എന്ന അഭിഭാഷകനാണ് പരാതി നല്‍കിയത്. സനാതന ധര്‍മ്മം പിന്തുടരുന്ന ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണ് ഉദയാനിധിയുടെ വാക്കുകളെന്നും അതിനെ ഇല്ലാതാക്കണമെന്നും ഡെങ്കിപ്പനിയോയും മലമ്പനിയോടുമെല്ലാം ഉപമിച്ച് അപകീര്‍ത്തിപ്പെടുത്തുന്നതായും പറഞ്ഞു. ഒരു ജനപ്രതിനിധി എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രസ്താവന എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളുന്ന ഭരണഘടനയ്ക്ക് എതിരാണെന്നും പറഞ്ഞു. മതത്തിന്റെ പേരില്‍ ആളുകളെ തമ്മിലടിപ്പിക്കാനെ ഇത് ഉതകൂ എന്നും അതില്‍ വ്യക്തമാക്കുന്നുണ്ട്.
അതേസമയം ഉദയാനിധി അടുത്ത കാലത്ത് ബിജെപിയെ ലക്ഷ്യമിട്ട് അനേകം പ്രസ്താവനകള്‍ നടത്തിയിരുന്നു. എഐഎഡിഎംകെയിലെ 'എ' എന്നാല്‍ അണ്ണാദുരൈയെയല്ല, അമിത് ഷായെയാണ് അര്‍ത്ഥമാക്കുന്നതെന്ന് പറഞ്ഞിരുന്നു. പുതുക്കോട്ടയില്‍ ഡിഎംകെ യൂത്ത് വിംഗ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ എഐഎഡിഎംകെ എന്ന കുറ്റിക്കാട്ടിലൂടെ തമിഴ്നാട്ടിലേക്ക് ഒളിച്ചുകടക്കാന്‍ നോക്കുന്ന പാമ്പാണ് ബിജെപിയെന്ന് അദ്ദേഹം പറഞ്ഞു. ഈ പാമ്പിനെ തല്ലിക്കൊല്ലാന്‍ ആദ്യം വേണ്ടത് എഐഎഡിഎംകെ എന്ന കുറ്റിക്കാട് തുടച്ചുനീക്കുകയാണ് വേണ്ടതെന്നും ബിജെപിയെക്കൊണ്ട് ആകെ ഗുണമുള്ളത് അദാനിക്ക് മാത്രമാണെന്നും പറഞ്ഞു.
115 പ്രതിപക്ഷ നേതാക്കളെ ചോദ്യം ചെയ്യാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ചെന്ന് ഉദയനിധി ആരോപിച്ചു. ജൂലൈയില്‍ തമിഴ്നാട്ടിലെ ഡിഎംകെ സര്‍ക്കാരിലെ രണ്ട് മുതിര്‍ന്ന മന്ത്രിമാര്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളുമായി ബന്ധപ്പെട്ട് ഇഡി സ്കാനറിന് വിധേയരായി. കേന്ദ്രത്തിന്റെ സമ്മര്‍ദ തന്ത്രമാണ് ഇതെന്ന് ആരോപിച്ച ഉദയാനിധി തന്നെ റെയ്ഡ് ചെയ്യാന്‍ ഏജന്‍സികളെ വെല്ലുവിളിച്ചു.






