
കോഴിക്കോട്: നിലമ്പൂരില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ച കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്കു സമീപം പ്രതിഷേധിച്ച് ഗതാഗത തടസ്സം സൃഷ്ടിച്ചുവെന്ന കേസില്‍ മനുഷ്യാവകാശ പ്രവര്ത്തകന് ഗ്രോ വാസുവിനെതിരായ വിചാരണ സെപ്തംബര്‍ 12ലേക്ക് മാറ്റി. കേസിലെ നാലാം സാക്ഷിയെ വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യുഷന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വിചാരണ മാറ്റിയത്. കേസ് നീട്ടിക്കൊണ്ടുപോകുകയാണോ ലക്ഷ്യമെന്ന് ഗ്രോ വാസു കോടതിയില്‍ ആരാഞ്ഞു. എന്നാല്‍ അങ്ങനെ കേസ് നീട്ടാന്‍ കഴിയില്ലെന്ന് കോടതി മറുപടി നല്കി.
അതിനിടെ, കേസിലെ ഏഴാം പ്രോസിക്യുഷന് സാക്ഷി ലാലു കൂറുമാറി. ഗ്രോ വാസു പ്രതിഷേധിക്കുന്നത് കണ്ടില്ലെന്ന് പറഞ്ഞ ലാലു, മൊഴി പോലീസ് വായിച്ചുകേള്‍പ്പിച്ചില്ലെന്നും കോടതിയെ അറിയിച്ചു. കുന്ദമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് വിചാരണ നടക്കുന്നത്.
കോടതിയില്‍ നിന്നിറങ്ങിയ ഗ്രോ വാസു ഇങ്ക്വിലാബ് സിന്ദാബാദ്, രക്തസാക്ഷികള്‍ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ചു. പോലീസ് ഗ്രോ വാസുകിന്റെ വായ് പൊത്താന്‍ ശ്രമിക്കുന്നതും കാണാമായിരുന്നു. പോലീസ് ബലം പ്രയോഗിച്ച് വാഹനത്തില്‍ കയറ്റി ജയിലിലേക്ക് കൊണ്ടുപോയി.
കഴിഞ്ഞ തവണ കോടതിയില്‍ നിന്നിറങ്ങിയപ്പോള്‍ ഗ്രോ വാസുവിന്റെ മുഖം പോലീസ് തൊപ്പികൊണ്ട് മറയ്ക്കാന്‍ ശ്രമിച്ചിരുന്നു. അതിനു മുന്‍പ് കോടതിയില്‍ എത്തിച്ചപ്പോള്‍ ഗ്രോസ വാസു മാധ്യമങ്ങളോട് പ്രതികരിച്ചതില്‍ സര്‍ക്കാര്‍ പോലീസുകാരോട് വിശദീകരണം തേടിയിരുന്നു. ഇത്തവണയും കനത്തസുരക്ഷയിലായിരുന്നു അദ്ദേഹത്തെ കോടതിയില്‍ കൊണ്ടുവന്നതും തിരികെ കൊണ്ടുപോയതും.
കേസില്‍ ജാമ്യമെടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി ഗ്രോ വാസു ജയിലിലാണ്.






