കൊച്ചി: മഹാരാജാസ് കോളേദില്‍ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ മാപ്പ് പറഞ്ഞു. സംഭവത്തില്‍ നടപടി നേരിട്ട ആറ് വിദ്യാര്‍ത്ഥികളാണ് അധ്യാപകനോട് മാപ്പ് പറഞ്ഞത്. തെറ്റ് ആവര്‍ത്തിക്കില്ലെന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഡോക്ടര്‍ പ്രിയേഷിന് ഉറപ്പ് നല്കി.
മഹാരാജാസ് കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായ പ്രിയേഷിനെ കഴിഞ്ഞ മാസമാണ് ക്ലാസ് മുറിയില്‍ വച്ച് ചില വിദ്യാര്‍ത്ഥികള്‍ അപമാനിച്ചത്. കാഴ്ച പരിമിതിയുള്ള അധ്യാപകന് ക്ലാസില്‍ പഠിപ്പിക്കുന്ന സമയത്ത് വിദ്യാര്‍ത്ഥികളില്‍ ചിലര്‍ അദ്ദേഹത്തെ പരിഹസിക്കുന്നതിന്റെയും ചിലര്‍ അനുവാദമില്ലാതെ ക്ലാസില്‍ പ്രവേശിക്കുന്നതിന്റെയും വീഡിയോയാണ് പുറത്ത് വന്നത്. വീഡിയോ ദൃശ്യങ്ങള്‍ വലിയതോതില്‍ പ്രചരിക്കുകയും ചര്‍ച്ചയാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രതിഷേധവും ഉണ്ടാവുകയും കോളേജ് അധികൃതര്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തു. സംഭവത്തില്‍ വിദ്യാര്‍ത്ഥികളുടെ സസ്പെന്ഷന് കാലാവധി കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്.






