
തിരുവനന്തപുരം: അനുജനെ കൊന്നു കുഴിച്ചുമൂടിയ ജേഷ്ഠന് പോലീസ് കസ്റ്റഡിയില്‍. തിരുവനന്തപുരം തിരുവല്ലം വണ്ടിത്തടത്ത് നടന്ന സംഭവത്തില്‍ വണ്ടിത്തടം സ്വദേശി രാജുവിന്റെ മൃതദേഹമാണ് കുഴിച്ചുമൂടിയ നിലയില്‍ പോലീസ് കണ്ടെത്തിയത്. മാതാവിന്റെ പരാതിയില്‍ പോലീസ് ബിനുവിനെ കസ്റ്റഡിയില്‍ എടുത്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്.
തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം വീട്ടുമുറ്റത്ത് കുഴിച്ചുമൂടുകയായിരുന്നു എന്നാണ് വിവരം. പ്രതി മാനസികാസ്വസ്ഥ്യമുള്ള ആളാണെന്ന് പൊലീസ് പറയുന്നു. വീട്ടില്‍ അമ്മയും സഹോദരങ്ങളുമായിരുന്നു താമിസിച്ചിരുന്നത്. മൂന്ന് സഹോദരന്മാരില് മൂത്ത സഹോദരന് മാറിയാണ് താമസിക്കുന്നത്. ഓണസമയത്ത് മാതാവ് മൂത്ത മകന്റെ വീട്ടിലേക്ക് പോയിരുന്നു. തിരികെ വന്നപ്പോള്‍ ഇളയ മകന് രാജിനെ കാണാനില്ലായിരുന്നു. ഇതേ തുടര്‍ന്ന് ഇന്ന് മകനെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ബിനു വിവരം പോലീസിനോട് പറയുകയായിരുന്നു. സഹോദരങ്ങള്‍ തമ്മില്‍ സ്ഥിരമായി വഴക്കിട്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
ഓണത്തിന്റെ അന്നും ഇരുവരും വഴക്കുണ്ടാക്കിയിരുന്നതായി അയല്‍ക്കാര്‍ പറയുന്നു. രണ്ടു വര്‍ഷം മുമ്പ് വീടിന്റെ സമീപത്ത് ഒരു കുഴി എടുത്തിട്ടിരുന്നു. ഈ കുഴി കഴിഞ്ഞ ദിവസം മൂടിയിരിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അമ്മയ്ക്ക് സംശയം ഉണ്ടായത്. തുടര്‍ന്ന് ഇന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് എത്തി മണ്ണുമാറ്റിയപ്പോള്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു. അനുജനെ കൊലപ്പെടുത്തിയ ശേഷം രാജുവിനെ അന്വേഷിക്കുമ്പോള്‍ ബിനു പലതരം കള്ളത്തരം പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.






