
മലയാളികളുടെ പ്രിയതാരം മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച്മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന് സംഘടിപ്പിക്കുന്ന 'കാല് ലക്ഷം രക്തദാനം' കാംപെയിനിന് വലിയ പിന്തുണ. ലിറ്റില്‍ ഫ്ളവര്‍ ഹോസ്പിറ്റലില്‍ തുറന്ന പ്രത്യേക ബ്ലഡ് ബാങ്കിലെത്തി അങ്കമാലി എംഎല്‍എ റോജി എം ജോണ്‍, ചലച്ചിത്ര സംവിധായകന് അജയ് വാസുദേവ്, എറണാകുളം എസിപി രാജ്കുമാര് തുടങ്ങിയവര്‍ പങ്കാളികളായി. നാളെയാണ് താരത്തിന്റെ പിറന്നാള്‍.
മമ്മൂട്ടി തനിക്ക് ഇഷ്ട നടന് മാത്രമല്ല അദ്ദേഹത്തിലെ സഹനുഭൂതിയുള്ള മനുഷ്യനെയും താന്‍ ഏറെ ഇഷ്ടപ്പെടുന്നുവെന്നു എം എല്‍ എ പറഞ്ഞു. രക്തദാതാക്കള്‍ക്ക് പിന്തുണയുമായി മുന്‍ മന്ത്രി ജോസ് തെറ്റയില്‍ രംഗത്തെത്തി. ഒരു ആരാധകന് എന്ന നിലയില്‍ തന്റെ കടമയും ഉത്തരവാദിത്തവുമാണ് ഈ രക്തദാനമെന്നായിരുന്നു ഷൈലോക് സംവിധായകന് അജയ് വാസുദേവ് പറഞ്ഞത്. 'മമ്മൂട്ടി ഫാന്‍' ആയ തന്നെ വിസ്മയ കേസ് വിധി വന്നപ്പോള്‍ മമ്മൂട്ടി വിളിച്ചഭിനന്ദിച്ചത് ഒരിക്കലും മറക്കാനാവില്ലന്ന് എറണാകുളം എസിപി രാജ്കുമാര് പറഞ്ഞു.
ലിറ്റില്‍ ഫ്ളവര്‍ ഹോസ്പിറ്റലിലെ ജീവനക്കാര്‍, പ്രമുഖ ധനകാര്യ സ്ഥാപനമായ ഗോകുലം ഗ്രൂപ്പിലെ നൂറോളം ജീവനക്കാര്‍ എന്നിവരുടെ രക്തദാനവും ശ്രദ്ധേയമായി. പദ്ധതിയിലൂടെ 15,000 ആളുകള്‍ ഇതുവരെ രക്തദാനം നടത്തിയെന്ന് സംഘാടകര്‍ പറഞ്ഞു. മമ്മൂട്ടിയുടെ നന്മകള്‍ക്കൊപ്പം നടക്കുവാന്‍ തങ്ങള്‍ക്ക് എന്നും അഭിമാനമുണ്ടന്ന് ഗോകുലം ഗ്രൂപ്പ് എ ജി എം ജിതേഷ് ബി പറഞ്ഞു.






