
അടിമാലി: ശക്തമായ മഴയില്‍ അടിമാലിയില്‍ ബൈക്ക് യാത്രികന് ഒഴുക്കില്‍പെട്ടതായി സൂചന. അടിമാലി - കുരങ്ങാട്ടി റോഡില്‍ (അപ്സര റോഡ്) ഇന്നലെ രാത്രി 9.15 നാണ് സംഭവം. ടൗണിന്റെ മധ്യഭാഗത്തു കൂടി ഒഴുകുന്ന തലമാലി വെള്ളച്ചാട്ടത്തിനു സമീപം ഹെഡ് ലൈറ്റ് തെളിഞ്ഞ നിലയില്‍ ബൈക്ക് കണ്ടെത്തുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട വീട്ടമ്മയാണ് ആദ്യം ഇക്കാര്യം പോലീസില്‍ അറിയിച്ചത്.
നാട്ടുകാരും ഉടനെ സ്ഥലത്തെത്തിയെങ്കിലും ശക്തമായ മഴ മൂലം തെരച്ചില്‍ നടത്താന്‍ കഴിയാത്ത സാഹചര്യമാണ്. അടിമാലിയില്‍ പ്രവര്‍ത്തിക്കുന്ന അഗ്നിരക്ഷാ യുണിറ്റ് രാജാക്കാട് ഭാഗത്തെ മറ്റൊരു അപകട സ്ഥലത്ത് പോയ സമയത്താണ് സംഭവം.
മഴ ശക്തമായതിനാല്‍ പുഴയില്‍ കഠിനമായ വെള്ളപ്പാച്ചില്‍ തെരച്ചിലിനെ ബാധിക്കും. വെളിച്ചത്തിന്റെ കുറവും പ്രതികൂലമാകും. ബൈക്ക് ഓടിച്ച് പോകുന്നതിനിടെ നിയന്ത്രണം വിട്ട് വെള്ളച്ചാട്ടത്തില്‍ പതിച്ചതാകാം എന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്.






