
ബ്യൂണസ് ഐറിസ് : അമേരിക്കയിലും മെക്സിക്കോയിലും കാനഡയിലുമായി നടക്കുന്ന അടുത്ത ലോകകപ്പിലേക്കുള്ള യോഗ്യതാറൗണ്ടിലെ ആദ്യ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ജയം. ലാറ്റിനമേരിക്കന്‍ മേഖലയിലെ യോഗ്യതയ്ക്കുള്ള ആദ്യ മത്സരത്തില്‍ ഇക്വഡോറാണ് അര്‍ജന്റീനയുടെ കൈച്ചൂട് അറിഞ്ഞത്. കളിയുടെ 78 ാം മിനിറ്റില്‍ തകര്‍പ്പന്‍ ഫ്രീകിക്കിലൂടെ ലിയോണേല്‍ മെസ്സിയാണ് കളിയിലെ നിര്‍ണ്ണായക ഗോള്‍ കുറിച്ചത്.
ലൗട്ടുറോ മാര്‍ട്ടീനസിനെ വീഴ്ത്തിയതിന് കിട്ടിയ ഫ്രീകിക്ക് മെസ്സി വലയില്‍ എത്തിക്കുകയായിരുന്നു. ഈ ഗോളോടെ ലാറ്റിനമേരിക്കന്‍ യോഗ്യതാറൗണ്ടിലെ ഗോള്‍നേട്ടത്തില്‍ ബാഴ്സിലോണയിലെ തന്റെ മൂന് സഹതാരം ഉറുഗ്വേയുടെ ലൂയിസ് സുവാരസിനൊപ്പം എത്തിയിരിക്കുകയാണ് മെസ്സി. ഇരുവര്‍ക്കും 29 ഗോളുകള്‍ വീതമായി. പൊസഷന്‍ ഗെയിം കളിച്ച് മുന്നേറിയ അര്‍ജന്റീനയെ തടഞ്ഞു നിര്‍ത്തുകയായിരുന്നു ഇക്വഡോറിന്റെ ലക്ഷ്യം. കളിയുടെ മുക്കാല്‍ ഭാഗം വരെ അവര്‍ അതില്‍ വിജയിക്കുകയും ചെയ്തെങ്കിലും 78 ാം മിനിറ്റില്‍ പൂട്ട് പൊളിഞ്ഞു.
കളിയുടെ 16 ാം മിനിറ്റില്‍ മെസ്സിക്ക് മികച്ച അവസരം കിട്ടിയിരുന്നു. എന്നാല്‍ മെസ്സിയുടെ ബോക്സിന്റെ തൊട്ടരികില്‍ നിന്നുള്ള ഷോട്ട് പുറത്തേക്കാണ് പോയത്. ആദ്യ പകുതിക്ക് പിരിയുന്നതിന് തൊട്ടു മുമ്പ് ലൗത്തൂരോ മാര്‍ട്ടീനസ് റോഡ്രിഗോ ഡീപോളിന്റെ പാസ് വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും പോസ്റ്റില്‍ തട്ടി മടങ്ങി. എസ്റ്റാഡിയോ മോണുമെന്റില്‍ എത്തിയ 80,000 വരുന്ന കാണികളെ സാക്ഷി നിര്‍ത്തിയായിരുന്നു അര്‍ജന്റീനയുടെ വിജയം.
LIONEL MESSI FREE KICK GOAL! 🇦🇷pic.twitter.com/yAsas0pRTQ
— Roy Nemer (@RoyNemer) September 8, 2023




