
മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട താരമാണ് സുകുമാരന്‍. സുകുമാരന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരരാണ്. മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും സിനിമയില്‍ തിളങ്ങി നില്ക്കുന്ന താരങ്ങളാണ്. മലയാള സിനിമയിലെ ‘പവര്‍ഫുള്‍ കപ്പിള്‍’ ആണ് പൃഥ്വിരാജും സുപ്രിയ മേനോനും. പൃഥ്വി അഭിനയത്തിലും സംവിധാനത്തിലും തിളങ്ങുമ്പോള്‍ നിര്‍മ്മാണരംഗത്ത് സജീവമാണ് സുപ്രിയ. പൃഥ്വിരാജ് പ്രൊഡക്ഷന്റെ അമരക്കാരിയാണ് സുപ്രിയ.
സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്ക്കുന്ന താരങ്ങളായ ഇവര്‍ എല്ലാ വിശേഷങ്ങളും ചിത്രങ്ങളും അതിലൂടെ പങ്കിടാറുണ്ട്. എങ്കിലും പലപ്പോഴും മകളുടെ പ്രൈവസി കാത്തുസൂക്ഷിക്കാന്‍ സുപ്രിയയും പൃഥ്വിരാജും ശ്രമിക്കാറുണ്ട്. താരപുത്രിമാരില്‍ ഏറെ ആരാധകരുണ്ട് പൃഥ്വിരാജിന്റെ മകള്‍ അല്ലി എന്നു വിളിപ്പേരുള്ള അലംകൃതയ്ക്ക്. മകളുടെ ചിത്രങ്ങളൊക്കെ അപൂര്‍വ്വമായി മാത്രമേ അവര്‍ പങ്കിടാറുള്ളൂ. ചിത്രങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ മകളുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട്, മുഖം വ്യക്തമായി കാണാത്ത രീതിയിലുള്ള ചിത്രങ്ങളാണ് ഇരുവരും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുള്ളത്. എന്നാല്‍ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ എട്ടിന് മകളുടെ പുതിയ ചിത്രം താരം പങ്കിടാറുണ്ട്. ഇപ്പോഴിതാ ഈ ജന്മദിനത്തില് മകള്‍ അല്ലിയ്ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് പൃഥ്വി ഷെയര്‍ ചെയ്ത കുറിപ്പും ചിത്രവും ശ്രദ്ധിക്കപ്പെടുകയാണ്. ‘‘ഞങ്ങളുടെ ബേബി ഗേളിന് ജന്മദിനാശംസകള്! 9 വര്‍ഷങ്ങള്‍. അമ്മയെയും ദാദയെയും ഞങ്ങള്‍ കുട്ടികളാണെന്നും നീ ഞങ്ങളുടെ രക്ഷിതാവാണെന്നും തോന്നിപ്പിച്ച നിരവധി നിമിഷങ്ങള്‍! ചുറ്റുമുള്ള എല്ലാവരോടും നീ കാണിക്കുന്ന അനുകമ്പയും ക്ഷമയും സ്നേഹവും ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു. അവിശ്വസനീയമായ ഞങ്ങളുടെ ലിറ്റില്‍ ഹ്യൂമനെക്കുറിച്ചോര്ത്ത് ഞങ്ങള്‍ വളരെ അഭിമാനിക്കുന്നു! നീയെന്നെന്നും ഞങ്ങളുടെ സൂര്യപ്രകാശമാണ്!...’’ എന്നാണ് താരം കുറിച്ചിരിക്കുന്നത്.
പൃഥ്വിരാജിനെപ്പോലെ കലാവാസനയുള്ള കുട്ടിയാണ് അല്ലിയും. എഴുത്തില്‍ മിടുക്കിയായ അല്ലിയുടെ കുട്ടി കവിതകള്‍ സുപ്രിയ മുൻപ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ക്രിസ്മസ് ദിനത്തില്‍ അല്ലിയുടെ കവിതകളുടെ സമാഹാരം പൃഥ്വിയും സുപ്രിയയും സമ്മാനമായി നല്‍കിയിരുന്നു. ‘ദി ബുക്ക് ഓഫ് എന്‍ചാന്റിങ് പോംസ്’ എന്നത് സുപ്രിയയുടെ അച്ഛനുള്ള സമര്‍പ്പണം കൂടിയായിരുന്നു. അല്ലിക്ക് മുത്തച്ഛനോടുള്ള അടുപ്പമാണ് ഈ കവിതകള്‍ക്ക് പിന്നിലെന്ന് സുപ്രിയ വൈകാരികമായി അന്ന് കുറിച്ചിരുന്നു.






