
ടേക്ക് ഓഫ് സമയമായിട്ടും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യാതിരുന്നതിനെ തുടർന്ന് 10 യാത്രക്കാരെ വിമാനത്തിൽ നിന്നും ഇറക്കി വിട്ടു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അസമിലെ സിൽച്ചാറിൽ നിന്ന് കൊൽക്കത്തയിലേക്ക് പോവുകയായിരുന്ന അലയൻസ് എയർ വിമാനത്തിലാണ് സംഭവം.
സെൽ ഫോൺ ടേക്ക് ഓഫിനിടെ ഓഫ് ചെയ്യാൻ തയ്യാറാകാതെ സുരക്ഷാ നടപടിക്രമങ്ങൾ പാലിക്കുന്നതിൽ ഒരു യാത്രക്കാരൻ അലംഭാവം കാണിച്ചതാണ് പ്രശ്നങ്ങൾക്ക് വഴിതെളിച്ചത്. 45 കാരനായ സുരഞ്ജിത് ദാസ് ചൗധരി എന്ന ആളാണ് വിമാനം പുറപ്പെടുന്നതിന് നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴും മൊബൈൽ ഫോണിൽ സംസാരിച്ച് കൊണ്ടിരുന്നത്. ജീവനക്കാർ ഫോൺ ഓഫ് ചെയ്യാൻ പല തവണ ഇയാളോട് ആവശ്യപ്പെട്ടെങ്കിലും ചൗധരി അതിന് തയ്യാറായില്ല.
തുടര്‍ന്ന് വിമാനത്തിനുള്ളിൽ വലിയ വാക്ക് തർക്കത്തിന് ഇടയാക്കുകയും തുടർന്ന് വിമാനത്തിനുള്ളിൽ നിന്നും അദ്ദേഹത്തോട് പുറത്ത് പോകാൻ ജീവനക്കാര്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ ഒരു വിഭാഗം യാത്രക്കാർ ഇതിനെ എതിർക്കുകയും സുരഞ്ജിത് ദാസ് ചൗധരിയെ ഒഴിവാക്കിയുള്ള യാത്ര നടത്താൻ വിസമ്മതിക്കുകയും ചെയ്തു. ഇതിനെ തുടർന്നാണ് വിമാനത്തിനുള്ളിൽ പ്രശ്നമുണ്ടാക്കിയ സുരഞ്ജിത് ദാസ് ചൗധരി ഉൾപ്പെടെയുള്ള 10 യാത്രക്കാരെ അസാം വിമാനത്താവളത്തിൽ ഇറക്കി വിട്ടതിന് ശേഷം വിമാനം യാത്ര ആരംഭിച്ചത്.






