അടൂരില്‍നിന്ന് എ ഐ ക്യാമറ വഴി കൊച്ചിയില്‍ ജോലി ചെയ്യുന്ന യുവാവിനെ തേടി ഒരു നോട്ടീസ് വീട്ടിലെത്തി. ശേഷം പെറ്റികേസിന്റെ എണ്ണം വര്‍ധിച്ചപ്പോള്‍ യുവാവ് ഞെട്ടി. യുവാവ് പോലും അറിയാതെ അയാളുടെ ഉടമസ്ഥതയില്‍ ഒരു ബൈക്ക്. ഒടുവില്‍ അടൂര്‍ പോലീസ് ആ ബൈക്ക് കണ്ടെത്തിയതിന്റെ ആശ്വാസത്തിലാണ് യുവാവ്. പത്തനംതിട്ട വലഞ്ചുഴി തരകന്‍പുരയിടത്തില്‍ ആസിഫ് അബൂബക്കറിനാണ് പെറ്റിക്കേസ് വന്നുകൊണ്ടിരുന്നത്.
ആസിഫിന് പെറ്റികേസ് നോട്ടീസ് ആദ്യമായി കിട്ടിയത് ഓഗസ്റ്റ് 10 നായിരുന്നു. കെ.എല്‍. 03 ടി. 1397 ബൈക്കില്‍ രണ്ടു പേര് ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്യുന്ന ചിത്രമുള്‍പ്പെടെയാണ് ലഭിച്ചത്. ഹെല്‍മെറ്റ് ഇല്ലാതെ യാത്രചെയ്തതിന് പിഴ ഒടുക്കണമെന്നാതായിരുന്നു ഉള്ളടക്കം. അഞ്ച് പെറ്റികേസുകളും വന്നതോടെ ആസിഫ് പത്തനംതിട്ട ആര് ടി ഒ യെ സമീപിച്ചു. 2010-ല്‍ പത്തനംതിട്ട ആര്.ടി.ഒയില്‍ ആസിഫിന്റെ പേരില്‍ ബൈക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി.എന്നാല്‍ താന്‍ ഇങ്ങനെയൊന്ന് വാങ്ങിയിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു. ആസിഫ് അന്ന എന്‍ജിനിയറിങ്ങ് വിദ്യാര്‍ത്ഥിയായിരുന്നു. തുടര്‍ന്ന് ഇക്കാര്യം ജില്ലാ പൊലീസ് മേധവിയെ അറിയിച്ചു. അദ്ദേഹം വിവരം അടൂര്‍ സി.ഐ. ശ്രീകുമാറിന് കൈമാറുകയായിരുന്നു.
ഇക്കാര്യങ്ങളൊന്നും തങ്ങള്‍ക്ക് അറിയില്ലെന്നാണ് നിലവില്‍ വാഹനം ഉപയോഗിക്കുന്നവര്‍ പോലീസിന് മൊഴിനല്‍കിയിട്ടുള്ളത്. ആറു വര്‍ഷം മുമ്പ് ഒരു സുഹൃത്തിന്റെ പക്കല്‍നിന്ന് 7000 രൂപയ്ക്ക് വാങ്ങിയതാണ് ബൈക്ക്. സുഹൃത്ത് വാങ്ങിയതും മറ്റൊരാളില്‍നിന്നാണെന്ന് വിവരം കിട്ടിയിട്ടുണ്ട്.പ്രതിയെ പിടിക്കാനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.






