
തിരുവനന്തപുരം: യുവ സംവിധായിക നയനസൂര്യയുടെ മരണകാരണം പരിക്കുകളല്ലെന്ന് ക്രൈംബ്രാഞ്ച് നിഗമനം. മയോകാർഡിയൽ ഇൻഫാർക്ഷനാണ് മരണകാരണമെന്ന് കണ്ടെത്തൽ. പത്തോളജി വിദഗ്ദ്ധരും ഈ നിഗമനത്തിലാണ്. 2019 ഫെബ്രുവരി 24നാണ് യുവ സംവിധായക നയന സൂര്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളയമ്പലം ആൽത്തറ ജംഗ്ഷനിലെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഹൃദയസ്തംഭനത്തിന് സമാനമായ അവസ്ഥയാണ് മയോകാര്‍ഡിയല്‍ ഇന്ഫ്രാക്ഷൻ. മരണം നടന്ന് 4 വർഷത്തിനുശേഷം ഉയർന്ന വാദങ്ങളെയും ബോർഡ് അംഗീകരിക്കുന്നില്ല. അന്തരിച്ച സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ സംവിധാന സഹായിയായിരുന്ന നയന. മരണം പെട്ടെന്നു സംഭവിച്ചതല്ലെന്നാണ് മെഡിക്കൽ ബോർഡിന്റെ നിരീക്ഷണം .
കൊലപാതകമാണെന്നതിന് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല. നയനയുടെ മുറിയിൽ ആരും കടന്നിട്ടില്ല. നയന സൂര്യ മരിച്ചുകിടന്ന മുറിയിൽ മറ്റൊരാളുടെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ല. വാതിൽ അകത്ത് നിന്ന് പൂട്ടിയിരുന്നു. നയനയ്ക്ക് ഒട്ടേറെ മാനസിക ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നും കണ്ടെത്തലുണ്ട്.
കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയാണ് നയന സൂര്യ. ലെനിൻ രാജേന്ദ്രന്റെ മകരമഞ്ഞ് എന്ന സിനിമയിലൂടെയാണ് അസിസ്റ്റന്റ് ഡയറക്ടറായി അരങ്ങേറ്റം കുറിച്ചത്. നിരവധി പരസ്യ ചിത്രങ്ങളും സ്റ്റേജ് ഷോകളും സംവിധാനം ചെയ്തിട്ടുണ്ട്. പക്ഷികളുടെ മണം എന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. ക്രോസ്സ് റോഡ് എന്ന ചിത്രത്തിന്റെ ഒരു ഭാഗവും സംവിധാനം ചെയ്തിട്ടുണ്ട്. ആലപ്പാട് സ്വദേശിയായ നയന ആലപ്പാട് കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് ശക്തമായ നിലപാടുകളുമായി രംഗത്ത് എത്തിയിരുന്നു.






