
ഒരു പോലീസ് ഉദ്യോഗസ്ഥയുടെ സേവന മനോഭാവം പ്രകടിപ്പിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. ഹൈദ്രാബാദ് നഗരത്തിലെ ഒരു വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി അടഞ്ഞുകിടന്ന ഓവുചാല്‍ കൈകൊണ്ട് തുറന്ന് വിടുന്ന പോലീസ് ഉദ്യോഗസ്ഥയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
ഇത്തരത്തിലൊരു പെരുമാറ്റത്തിലൂടെ ഹൈദ്രാബാദിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥയായ ധനലക്ഷ്മിയാണ് സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ കയ്യടി നേടുന്നത്. ഹൈദ്രാബാദിന്റെ തെക്ക് - പടിഞ്ഞാറൻ മേഖലയിൽ ടോളിചൗക്കി മേൽപ്പാലത്തിന് സമീപമുള്ള അടഞ്ഞ ഓവുചാലാണ് ഈ പോലീസ് ഉദ്യോഗസ്ഥ സ്വന്തം കൈകൾ ഉപയോഗിച്ച് വൃത്തിയാക്കിയത്. ഒരു പോലീസുകാരനും പോലീസ് ഉദ്യോഗസ്ഥയോടൊപ്പം മാലിന്യം നീക്കം ചെയ്യാന്‍ സഹായിക്കുന്നുണ്ട്. വീഡിയോയില്‍ ഇരുവരും ചേര്‍ന്ന് മാലിന്യം നീക്കുമ്പോള്‍ വാഹനങ്ങള്‍ റോഡില്‍ കൂടി പോകുന്നതും കാണാം. അടഞ്ഞ് കിടക്കുന്ന ഓവുചാല്‍ പ്രദേശത്ത് വെള്ളക്കെട്ടുണ്ടാക്കുകയും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തതാണ് ഇത്തരമൊരു പ്രവര്‍ത്തിക്ക് ഇവരെ പ്രേരിപ്പിച്ചത്.
സെപ്റ്റംബർ 5 ന് ഹൈദ്രാബാദ് ട്രാഫിക് പോലീസാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. 'ടോളിചൗക്കി മേൽപ്പാലത്തിന് സമീപമുള്ള ഡ്രെയിനിലെ വെള്ളക്കെട്ട് എസിപി ടിആര്‍ സൗത്ത് വെസ്റ്റ് സോൺ ഡി ധനലക്ഷ്മി നീക്കം ചെയ്തു' എന്ന കുറിപ്പോടെയാണ് ട്രാഫിക് പോലീസ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ദൃശ്യങ്ങള്‍ കണ്ട് നിരവധി പേരാണ് പോലീസ് ഉദ്യോഗസ്ഥയ്ക്ക് അഭിനന്ദനം അറിയിച്ചത് .






