
തിരുവനന്തപുരം: സോളാര്‍ കേസിലെ പീഡന പരാതിയില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നുവെന്ന സിബിഐ റിപ്പോര്‍ട്ടില്‍ നിയമസഭയില്‍ ചര്‍ച്ച. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഒരു മണിക്ക് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യുമെന്ന് സ്പീക്കര്‍ അറിയിച്ചു. ചര്‍ച്ച തത്സമയം മാധ്യമങ്ങള്‍ വഴി സംപ്രേക്ഷണം ചെയ്യും.
സോളാര്‍ കേസില്‍ ഉള്‍പ്പെട്ട വ്യക്തിനല്‍കിയ പീഡന പരാതിയില്‍ പരാതിക്കാരി ആവശ്യപ്പെട്ട പ്രകാരം സിബിഐയ്ക്ക് അന്വേഷണം ഏല്പിച്ചു. പ്രസ്തുത വിഷയത്തില്‍ സിബിഐ സിജെഎം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. എന്നാല്‍ അത് സംബന്ധിച്ച് ഔദ്യോഗികമായി ഒരു രേഖയും സര്‍ക്കാരിന്റെ പക്കല്‍ ലഭ്യമല്ല. കേസില്‍ ഗൂഢാലോചന നടന്നുവെന്ന സിബിഐ റിപ്പോര്‍ട്ടും സര്‍ക്കാരിന്റെ പക്കലില്ല. മാധ്യമവാര്‍ത്തകളിലൂടെയും മറ്റുമുള്ള കേട്ടുകേള്‍വി മാത്രമാണുള്ളത്. അതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് ചര്‍ച്ച നടത്താനാവില്ല. ആധികാരിക രേഖ പരിശോധിച്ച ശേഷം മാത്രമേ സര്‍ക്കാരിന് ഇത് മറുപടി പറയാനാവു.
എങ്കിലും മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാരിന് ഒരു വിമുഖതയുമില്ല. ചര്‍ച്ച ആകാമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഉച്ചയ്ക്ക് ഒരു മണിയ്ക്കാണ് ചര്‍ച്ച. രണ്ട് മണിക്കൂര്‍ ആണ് ചര്‍ച്ചയ്ക്ക് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ചര്‍ച്ച നീളുമെന്നാണ് സൂചന. സിബിഐ റിപ്പോര്‍ട്ടില്‍ ആരോപണത്തിന്റെ മുള്‍മുനയില്‍ നില്ക്കുന്ന കെ.ബി ഗണേഷ്കുമാര് ഇന്ന് സഭയില്‍ ഹാജരായിട്ടുണ്ട്. ചര്‍ച്ചയില്‍ ഗണേഷ്കുമാര് പങ്കെടുക്കുമോ എന്ന് വ്യക്തമല്ല. എന്നാല്‍ ആരോപണം നേരിടുന്ന വ്യക്തി എന്ന നിലയില്‍ ഗണേഷ്കുമാറിന് മറുപടി പറയാന്‍ അവസരം ലഭിച്ചേക്കും.






