
ചെന്നൈ: പണം കൊടുത്തു ടിക്കറ്റ് എടുത്തവരെ പ്രവേശിപ്പിക്കാതെ ഓസ്ക്കര് പുരസ്ക്കാര ജേതാവ് വിഖ്യാത സംഗീതകാരന് എ.ആര്. റഹ്മാന്റെ ചെന്നെയിലെ സംഗീത നിശ വന് വിവാദത്തില്. കഴിഞ്ഞ ദിവസം രാത്രിയില് റഹ്മാന് തന്നെ സംഘടിപ്പിച്ച മറക്കുമാ നെഞ്ചം പരിപാടിയാണ് വിവാദത്തിലായിരിക്കുന്നത്. അനേകം ആരാധകര്ക്ക് കസേര കിട്ടാതെയും പരിപാടി കാണാതെയൂം മടങ്ങിപ്പോകേണ്ടി വന്നത്.
സാമൂഹ്യമാധ്യമങ്ങളില് ഇവര് പ്രതിഷേധവുമായി എത്തിയതിനെ തുടര്ന്ന് സംഘാടകര് ഖേദം പ്രകടിപ്പിച്ചു. വേദിയിലെ സീറ്റിനേക്കാള് കുടുതല് ടിക്കറ്റുകള് സംഘാടകര് നല്കിയതായിട്ടാണ് ആക്ഷേപം. ദീര്ഘനേരം കാത്തുനില്ക്കേണ്ടി വന്ന ആരാധകര് മടുത്തു വേദിവിടുകയും ചെയ്തു.
പരിപാടിക്കായി എത്തിയവരുടെ തിക്കിലും തിരക്കിലും പെട്ട് അനേകര്ക്ക് പരിക്കേല്ക്കുകയും ചെയ്തു. സാമൂഹ്യമാധ്യമങ്ങളില് ആരാധകര് റഹ്മാനെതിരേ കടുത്ത വിമര്ശനമാണ് നടത്തിയത്. തനിക്ക് വേണ്ടി ചാകാന് വരെ നില്ക്കുന്ന ആരാധകരുടെ സുരക്ഷയേക്കാള് റഹ്മാന് പ്രധാനം പണമായിരുന്നു എന്നു വരെ ആരാധകരുടെ വിമര്ശനത്തില് പറയുന്നു.
വേദിയിലെ സീറ്റിന് പുറമേ പരിപാടിയുടെ സൗണ്ട് ക്വാളിറ്റിയിലും ചിലര് പരാതി പറഞ്ഞു. അതേസമയം സംഭവത്തില് എ.ആര്. റഹ്മാന് ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം പരിപാടി വമ്പന് വിജയമാണെന്നാണ് സംഘാടകരായ എസിടിസി പറഞ്ഞത്. തിരക്കു കാരണം സീറ്റു കിട്ടാതെ പോയവരോട് മാപ്പു പറയുന്നതായും വീഴ്ചയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും അവര് പ്രതികരിച്ചിട്ടുണ്ട്.







Comments